മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.
ഇപ്പോഴിതാ വേദനകളില്‍ നിന്നും വിഷമതകളില്‍ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. അഭിനയരംഗത്തേയ്ക്ക് രേണു ചുവടുവെയ്ക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്.
കൊച്ചിന്‍ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തില്‍ കോളജ് വിദ്യാര്‍ഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. നാടക റിഹേഴ്‌സല്‍ അടുത്തയാഴ്ച തുടങ്ങുമെന്നാണ് വിവരം. ഓഗസ്റ്റ് ആദ്യവാരം ആയിരിക്കും ‘ഇരട്ടനഗരം’ പ്രദര്‍ശനത്തിന് എത്തുക. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2023 ജൂണ്‍ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുക ആയിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു.
ഫ്‌ലവേഴ്‌സിലെ ടമാര്‍ പടാര്‍ എന്ന ഷോയുടെ പ്രൊഡ്യൂസര്‍ സുബീഷ് എന്റെ സുഹൃത്തായിരുന്നു. സുധിച്ചേട്ടന്റെ പ്രകടനം ഇഷ്ടമായത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സുബീഷേട്ടനോട് ചോദിച്ചു. അദ്ദേഹം തന്നിരുന്നില്ല ആദ്യം.കുറേ നാള്‍ ചോദിച്ചപ്പോള്‍ തന്നു. പരിചയപ്പെട്ടു, വാട്‌സ് ആപില്‍ മെസേജ് അയച്ചപ്പോഴൊന്നും പ്രതികരിച്ചിരുന്നില്ല അദ്ദേഹം. കുറേ ദിവസത്തിന് ശേഷമാണ് ആരാണെന്ന് ചോദിച്ച് മറുപടി വരുന്നത്.
ഫാനാണെന്നൊക്കെ ഞാന്‍ പറഞ്ഞു സംസാരിച്ച് വെച്ചു. നല്ല സുഹൃത്തുക്കളായി, അപ്പോഴാണ് ആള്‍ക്ക് ഭാര്യ ഇല്ലെന്ന് അറിയുന്നത്. കുഞ്ഞുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കിച്ചുവിന് അന്ന് 11 വയസാണ് ഉള്ളത്.
ചേട്ടന്‍ ചോദിച്ചത് എന്റെ മകന് അമ്മയാകോയെന്നാണ്. ഞാന്‍ ഒന്നും ആലോചിച്ചില്ല, എന്റെ മരണം വരെ നോക്കിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം പോയി അവരെ കണ്ടു. ഇഷ്ടമായി. കിച്ചുവാണ് പറഞ്ഞത് ഈ അമ്മയെ നമ്മക്ക് എടുക്കാമെന്ന്. നേരിട്ട് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും അദ്ദേഹത്തെ വളരെ അധികം ഇഷ്ടമായി.
ആഗ്രഹിച്ചതിനേക്കാള്‍ സ്‌നേഹം എനിക്ക് അദ്ദേഹം തന്നു. അഞ്ച് വര്‍ഷം ആയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അദ്ദേഹം 500 വര്‍ഷത്തെ സ്‌നേഹം എനിക്ക് തന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിച്ചില്ല. അദ്ദേഹം പറയുമായിരുന്നു നീ ഉള്ളത് കൊണ്ടാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നതെന്ന്. മറ്റുള്ളവരുടെ കണ്ണിലാണ് ഞാന്‍ വിധവ. ഒന്ന് പൊട്ടുതൊട്ടാല്‍, പൗഡറിട്ടാല്‍ വിമര്‍ശനമാണ്. പക്ഷേ എന്നെ സംബന്ധിച്ച് സുധി ചേട്ടന്‍ മരിച്ചിട്ടില്ല. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഒരുങ്ങി നടക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ആളുടെ ഇഷ്ടപ്രകാരം ഒരുങ്ങി നടക്കുന്നുവെന്നും രേണു പറഞ്ഞിരുന്നു.