കലാഭവന്‍ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുത്, തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം ‘കലാഭവന്‍’ എന്ന് ചേര്‍ക്കരുതെന്ന് കൊച്ചിന്‍ കലാഭവന്‍

കഴിഞ്ഞ ദിവസമായിരുന്നു വിദേശരാജ്യങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റിലായത്. കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇപ്പോഴിതാ സോബി ജോര്‍ജിന്റെ പേരില്‍ കലാഭവന്‍ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിന്‍ കലാഭവന്‍.

കഴിഞ്ഞ 54 വര്‍ഷമായി കേരള കലാലോകത്ത് പതിനായിരക്കണക്കിന് കലാകാരന്മാരെയും കലാകാരികളെയും കലയിലൂടെ വളര്‍ത്തിയെടുത്ത സ്ഥാപനമാണ് കൊച്ചിന്‍ കലാഭവന്‍. ഈയിടെ കലാഭവനില്‍ പതിനഞ്ച് വര്‍ഷത്തിന് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സോബി ജോര്‍ജ് എന്ന വ്യക്തിയെ പരാമര്‍ശിച്ചുകൊണ്ടുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ പത്രദൃശ്യമാധ്യമ ത്തിലൂടെ വന്നത് അറിഞ്ഞു. അദ്ദേഹത്തിന് ‘കലാഗൃഹം’ എന്ന പേരില്‍ ഇതുപോലെ ഒരു സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ട്.

ദയവ് ചെയ്ത് ഈ വ്യക്തിയെക്കുറിച്ച് ഇനിയുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ ‘കലാഭവന്‍ സോബി ജോര്‍ജ്’ എന്ന പേര് മാറ്റി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിന്റെ (കലാഗൃഹം) പേര് നല്‍കി കലാഭവന്‍ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്നാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. കലാഭവന്റെ പേരുപയോഗിച്ച് സിനിമാവേദിയില്‍ നില്‍ക്കുന്ന പല സിനി മതാരങ്ങളുടെയും താത്പര്യപ്രകാരം കൂടിയാണ് ഈ പത്രകുറിപ്പെന്ന് പറയുന്നു.

അതേസമയം സ്വിറ്റ്‌സര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി സോബി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. പുല്‍പ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസിന്റെ നടപടി. ‘പുല്‍പ്പള്ളി സ്വദേശിക്ക് സ്വിറ്റ്‌സര്‍ലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് മൂന്ന് വര്‍ഷം മുമ്പ് സോബി തട്ടിയെടുത്തത്.

സമാനരീതിയില്‍ പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ നാലും അമ്പലവയല്‍ സ്‌റ്റേഷനില്‍ ഒരു കേസുമടക്കം ജില്ലയില്‍ ആറ് കേസാണ് സോബിക്കെതിരെയുള്ളത്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചേക്ക് കേസുകളിലും സോബി പ്രതിയാണ്.

Vijayasree Vijayasree :