വിളിച്ചു വരുത്തി അപമാനിച്ചു, രണ്ടു മണിക്കൂറോളം പെരുമഴയത്തു കാത്ത് നിര്‍ത്തി, ബൗൺസർമാരെ ഉപയോഗിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, അമ്മയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍

മലയാള സിനിമാ താര സംഘടനയായ അമ്മയ്ക്കെതിരെ രംഗത്തെത്തിയ കൊച്ചിയിലെ മാധ്യമപ്രവർത്തകർ. ഇത് സംബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയ ശേഷം ബൗൺസർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം.

കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ പത്ത് മിനിറ്റ് നേരത്തേയ്ക്ക് യോഗം നടക്കുന്ന ഹാളിനുള്ളിൽ പ്രവേശിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നു. ഇത് അനുസരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയിരുന്നത്.

എന്നാല്‍ ഹാളിന് പുറത്ത് വെച്ച് തന്നെ മാധ്യമപ്രവര്‍ത്തകരെ ബൗൺസർമാരെ ഉപയോഗിച്ചു തടഞ്ഞ് വെയ്ക്കുകയും രണ്ടു മണിക്കൂറോളം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തുവെന്നാണ് പറയുന്നത്. മാത്രമല്ല, മാധ്യമപ്രവർത്തകരുടെ പ്രതിഷേധം കടുത്തതോടെയാണ് അകത്തേയ്ക്ക് കടക്കാന്‍ അനുവദിച്ചതെന്നും പറയുന്നു.

ഇത് വിളിച്ച് വരുത്തി അഇപമാനിച്ചതിന് തുല്യമാണെന്നും ഇത് അമ്മയ്ക്കെന്നല്ല ഒരു സംഘടനയ്ക്കും ഭൂഷണമല്ലെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു. ഭാരവാഹി തെരഞ്ഞെടുപ്പിനു ശേഷം സാധാരണ നടത്താറുള്ള പത്രസമ്മേളനവും ഇത്തവണ ഭാരവാഹികൾ ഒഴിവാക്കിയിരുന്നു. ഔദ്യോഗികമായി പത്രക്കുറിപ്പു പുറത്തിറക്കാൻ പോലും തയാറായില്ല.

30 വർഷത്തിലേറെ പാരമ്പര്യമുള്ള ഒരു സംഘടന അതിന്‍റെ അംഗീകൃത ലെറ്റർപാഡിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരങ്ങൾ നൽകാൻ പോലും തയാറാകാത്തതു പ്രതിഷേധാർഹമാണ്. വിരലിലെണ്ണാവുന്ന അംഗങ്ങളുള്ള സംഘടനകൾ പോലും കാണിക്കുന്ന ഈ ഉത്തരവാദിത്തം അഞ്ഞൂറിലേറെ അംഗങ്ങളുള്ള അമ്മയെന്ന സംഘടനയ്ക്ക് അറിയാത്തതാണെന്നു കരുതുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മാത്രമല്ല, പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്താനുള്ള അവകാശം ലഭിച്ച വ്യക്തിയെ അമ്മയുടെ പിആർഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കൂടി ഔദ്യോഗികമായി അറിയിക്കാൻ പ്രസ് ക്ലബ് ഭാരവാഹികൾ എന്ന നിലയിൽ അഭ്യർഥിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

അമ്മ തന്നെ ചുമതലപ്പെടുത്തി എന്ന മട്ടിൽ പേരും ഫോൺ നമ്പറും വച്ചൊരു വാട്സാപ്പ് സന്ദേശം ഈ വ്യക്തി ചില മാധ്യമപ്രവർത്തകർക്കു മാത്രം അയച്ചിരുന്നു. ഇതു സത്യമാണെങ്കിൽ മേലിൽ അമ്മയെ സംബന്ധിച്ചുള്ള വാർത്തകൾ ഈ വ്യക്തി നൽകുന്നതു മാത്രം പ്രസിദ്ധീകരിച്ചാൽ മതിയല്ലോയെന്നും മാധ്യമപ്രവർത്തകർ പ്രസ്താവനയിലൂടെ ചോദിക്കുന്നു.

അതേസമയം, ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Vijayasree Vijayasree :