കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവ്. 2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയ്‌നുമായി നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം 5 പേര്‍ പിടിയിലായത്.
എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. എന്നാൽ പ്രതികള്‍ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്.
ഷൈന്‍ ടോം ചാക്കോയ്ക്ക് വേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയ്ക്ക് രണ്ട് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു.
കാക്കനാട്ടെ ഫോറൻസിക് ലാബിൽ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാൽ ഈ പരിശോധനയിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
ശേഷം 2 പ്രതികളുടെ രക്തസാംപിളുകള്‍ അന്വേഷണ സംഘം ന്യൂഡല്‍ഹി, ഹൈദരാബാദ് കെമിക്കല്‍ അനലറ്റിക്കല്‍ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്ന്‍ ഉപയോഗം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡൽഹിയിലെ ലാബിൽ കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന മറുപടിയും ലഭിച്ചു.