മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യൻ. തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങൾ, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധർവൻ. ആ അപൂർവ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല.
പതിറ്റാണ്ടുകൾക്കിപ്പുറം മാറ്റിവയ്ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്ദത്തിന്റെ മാറ്റ് കൂട്ടുന്നത്. വാക്കുകൾ മതിയാകാതെ വരും ആ സ്വരമാധുരിയ്ക്ക് വിശേഷണങ്ങൾ തീർക്കാൻ. തലമുറകളെ തന്റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടൻ തുടർന്ന് കൊണ്ടേയിരിക്കുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്ദവും നിലനിൽക്കും.
ഇപ്പോഴിതാ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിന് മുന്നിൽ അടുത്തമാസം പ്രക്ഷോഭം നടത്താൻ ശിവഗിരി മഠം തീരുമാനിച്ചിട്ടുണ്ട്. ഇതിലെ പ്രധാന ആവശ്യം യേശുദാസിന്റെ ക്ഷേത്ര പ്രവേശനം ആയിരിക്കുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും. ഗോപുര വാതിൽ തുറക്കും, ഞാൻ ഗോപകുമാരനെ കാണും എന്നിങ്ങനെ നൂറുകണക്കിന് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. കൂടാതെ, ഗുരുവായൂരപ്പന്റെ ഭക്തനുമാണ്. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുവായൂർ പ്രവേശന വിഷയത്തിൽ യേശുദാസുമായി ശിവഗിരി മഠം ചർച്ച നടത്തിയിരുന്നു. കാലക്രമേണ ആ നിലപാട് മാറുമെന്നാണ് കരുതുന്നതെന്നും യേശുദാസ് അഭിപ്രായപ്പെട്ടത്. ഇപ്പോൾ അതിനുള്ള സമയമായെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ലോക സംഗീതത്തില അപൂർവ്വ പ്രതിഭയായ 85-കാരനായ യേശുദാസിന് ഗുരുവായൂരിൽ ഇനിയും പ്രവേശനം നൽകാതിരുന്നാൽ അതു കലാകാരനോടും കാലത്തോടും ചെയ്യുന്ന അനീതിയാകുമെന്നാണ് ശിവഗിരി ധർമസംഘം ട്രസ്റ്റിന്റെ വിലയിരുത്തൽ.