ബോളിവുഡിലേറെ സുപരിചിതയായ സംവിധായകയാണ് കിരൺ റാവു. ലാപതാ ലേഡീസ്, ധോബി ഘാട്ട് എന്നീ ചിത്രങ്ങൾ മാത്രം മതി കിരൺ റാവുവിനെ തിരിച്ചറിയൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ്, ദക്ഷിണേന്ത്യൻ ചിത്രങ്ങളെ കുറിച്ച്പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താൻ ധാരാളം മലയാളസിനിമകൾ കാണാറുണ്ട്. സിനിമകൾക്കായി അവർ തിരഞ്ഞെടുക്കുന്ന കഥകൾ വളരെ ബോൾഡായി തോന്നുന്നത് എങ്ങനെയെന്നത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നാണ് കിരൺ റാവു പറയുന്നത്. മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു.
കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം കലാപാരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ആശയമാണിത്. വ്യത്യസ്തമായ കഥകൾ പറയുന്നതിൽ അവർക്ക് ഒരുതരം ബോധ്യമുണ്ട്. അതാണ് മലയാളസിനിമയെ വലിയ സ്ഥാനത്ത് നിർത്തുന്നതെന്ന് ഞാൻ കരുതുന്നു.
ചെറിയ വ്യവസായ മേഖലയാണെങ്കിലും ദക്ഷിണേന്ത്യൻ സിനിമയിലെ നിർമാതാക്കൾ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറുള്ളവരാണ്. അവർക്ക് സ്വന്തം പ്രേക്ഷകരെ അറിയാം. സ്വന്തം സംസ്കാരം, ഭാഷ, സമൂഹം എന്നിവയെ മാത്രം പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണ് എന്ന വസ്തുതയിൽ നിന്നാണ് അവർക്കീ ധൈര്യം കിട്ടുന്നത്.
മാത്രമല്ല,ബോളിവുഡ് വളരെ വലിയ ഇൻഡസ്ട്രിയാണെന്ന് കിരൺ റാവു പറഞ്ഞു. വിശാലമായ പ്രേക്ഷകരിലേക്കാണ് തങ്ങളുടെ സിനിമ എത്തിക്കേണ്ടതെന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാർ ഓർക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ള എന്തെങ്കിലും ചെയ്യണമെന്ന് നിർമാതാക്കൾ ആഗ്രഹിക്കുമ്പോഴാണ് അതിനോടകം വിജയിച്ച മറ്റുഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവർ പോകുന്നതെന്നും കിരൺ റാവു പറഞ്ഞു.