കഴിഞ്ഞ വർഷമായിരുന്നു ആനന്ദ് അംബാനി-രാധിക മെർച്ചന്റെ വിവാഹം. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നാണ് നിരവധി പ്രമുഖ താരങ്ങൾ ചടങ്ങിന് പങ്കെടുത്തിരുന്നത്. ലോകമൊട്ടുക്കും ആരാധകരുള്ള ഫാഷൻ ഐക്കൺ കിം കർദാഷിയൻ വരെ ചടങ്ങിൽ പങ്കെടുത്തത് കൗതുകകരമായിരുന്നു.
എന്നാൽ ഇപ്പോഴിതാ അംബാനി കുടുംബത്തെ തനിക്ക് അറിയുക പോലുമില്ലെന്ന് പറയുകയാണ് കിം കദാർഷിയൻ. സുഹൃത്ത് വഴിയാണ് അംബാനി കല്യാണത്തിന് എത്തിയതെന്നും വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളിൽ നിന്നും ഡയമണ്ട് അടർന്നു പോയതായും കിം കദാർഷിയൻ പറയുന്നു.
യഥാർഥത്തിൽ എനിക്ക് കുടുംബത്തെ അറിയില്ല. ഒരു പൊതുസുഹൃത്ത് വഴിയാണ് വിവാഹത്തിന് എത്തിയത്. അംബാനി കുടുംബത്തിനായി ആഭരണങ്ങൾ രൂപകൽപന ചെയ്തത് ഞങ്ങളുടെ സുഹൃത്ത് ലോറെയ്ൻ ഷ്വാട്സാണ്. അവരുടെ വിവാഹത്തിന് ലോറെയ്ൻ പോകുന്നുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങളെ ക്ഷണിക്കാൻ അവർക്ക് താൽപര്യമുണ്ടെന്നും ഞങ്ങളെ അറിയിച്ചു.
അതിനെന്താ വരാമല്ലോ എന്ന് ഞങ്ങൾ മറുപടിയും നൽകി. എന്നാൽ ആ വിവാഹം അത്ര മനോഹരമായ ഓർമയല്ല സമ്മാനിച്ചത്. വിവാഹത്തിന് അണിയാൻ വാങ്ങിയ ഡയമണ്ട് നെക്ലേസിലെ ഒരു ഡയമണ്ട് കാണാതായതോടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടു. ഷ്വാട്സിൽ നിന്ന് വിവാഹത്തിന് അണിയാനായി കടം വാങ്ങിയ നെക്ലേസിലെ ഒരു ഡയമണ്ട് ആണ് കാണാതായത്.
അതൊരു വലിയ മാലയായിരുന്നു. മുത്തുകളും പിയറിന്റെ ആകൃതിയിലുള്ള വലിയ ഡയമണ്ടുകളും തൂങ്ങിക്കിടക്കുന്ന ആകൃതിയിലായിരുന്നു ഡിസൈൻ. അതിൽ നിന്ന് ഒരു ഡയമണ്ട് വീണുപോകുകയായിരുന്നു. അത് ചിലപ്പോൾ ഞങ്ങളുടെ വസ്ത്രത്തിൽ എവിടെയെങ്കിലും കുടുങ്ങിക്കിടന്നിട്ടുണ്ടായിരുന്നിരിക്കാം.
എന്നാൽ അന്ന് ഡയമണ്ട് നഷ്ടപ്പെട്ട ദുഃഖത്തിൽ ആരേയും ആലിംഗനം ചെയ്യാനും സംസാരിക്കാനും പറ്റിയില്ല എന്നുമാണ് കിം കദാർഷിയൻ പറയുന്നത്. കിം കർദാഷിയാനും സഹോദരി ക്ലോയി കർദാഷിയാനും ആയിരുന്നു അംബാനി കല്യാണത്തിൽ പങ്കെടുക്കാനായി ലോസ് ആഞ്ജലിസിൽ നിന്നും മുംബൈയിലെത്തിയത്.