കഴിഞ്ഞ ദിവസമായിരുന്നു നടൻ കിച്ച സുദീപിന്റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു അന്ത്യം. പിന്നാലെ അമ്മയുടെ മൃതദേഹത്തിന് അരികെ നിന്ന് പൊട്ടിക്കരയുന്ന നടന്റെ വീഡിയോ പുറത്തെത്തിയിരുന്നു.
മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയേ കെട്ടിപ്പിടിച്ച് കരയുന്ന കിച്ച സുദീപിൻ്റെ ചിത്രങ്ങൾ ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. നടനെ സാന്ത്വനിപ്പിക്കാൻ ബസവരാജ് ശ്രമിക്കുന്നതും കാണാം. എന്നാൽ പലരും തങ്ങളുടെ ദുഃഖം റീലാക്കാനാണ് ശ്രമിച്ചതെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്റെ മകൾ സാൻവി സുദീപ്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാൻവിയുടെ രൂക്ഷ വിമർശനം. മുത്തശ്ശിക്ക് ആദരാഞ്ജലി അർപ്പിച്ച് സാൻവി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. എന്നും എപ്പോഴും ഞാൻ നിങ്ങളെ സ്‌നേഹിക്കും എന്ന കുറിപ്പിലാണ് മുത്തശ്ശിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് താരപുത്രി വിമർശനവുമായി രംഗത്തെത്തിയത്.
ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. പക്ഷേ മുത്തശ്ശിയുടെ മരണത്തേക്കാൾ ഞങ്ങളെ ബുദ്ധിമുട്ടിച്ചത് മറ്റൊന്നാണ്. ഞങ്ങളുടെ വീടിന് പുറത്ത് തടിച്ചുകൂടിയവർ ഉറക്കെ ആർപ്പുവിളിക്കുകയായിരുന്നു. ഞാൻ വേദനയിലിരിക്കുമ്പോൾ എന്റെ മുഖത്തേയ്ക്ക് കാമറകൾ ഫോക്കസ് ചെയ്തു.
ഇതിലും മനുഷ്യത്വമില്ലാതെ എങ്ങനെയാണ് ഒരാൾക്ക് പെരുമാറാനാവുക എന്ന് എനിക്ക് അറിയില്ല. സ്വന്തം അമ്മയ്ക്കായി എന്റെ അച്ഛൻ കരഞ്ഞപ്പോൾ ആളുകൾ തിക്കിത്തിരക്കി. മുത്തശ്ശിയ്ക്ക് അർഹിച്ച രീതിയിൽ വിടപറയാനാവാതെ ഞങ്ങൾ ഏറെ ബുദ്ധിമുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ആൾ നഷ്ടപ്പെട്ടതിനാണ് ഞാൻ കരഞ്ഞത്.
എന്നാൽ ബാക്കിയുള്ളവർക്ക് അത് പോസ്റ്റ് ചെയ്യാനുള്ള ഒരു റീൽ മാത്രമായിരുന്നു എന്നാണ് സാൻവി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സാൻവിയ്ക്ക് പിന്തുണയുമായി എത്തിയത്. ശരിക്കും സോഷ്യൽ മീഡിയയിൽ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. ആളുകൾക്ക് ബോധമില്ലാതായിരിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ.