‘ദ കേരള സ്‌റ്റോറി’ നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല; ചിത്രത്തിനെതിരെ ശശി തരൂര്‍

വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരള സ്‌റ്റോറിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറിയുടെ ടീസറും ട്രെയ്‌ലറും എത്തിയതോടെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

കേരളത്തില്‍ നിന്നും 32,000 പെണ്‍കുട്ടികള്‍ കാണാതാവുകയും പിന്നീട് ഭീകര സംഘടനയായ ഐഎസ്‌ഐഎസില്‍ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. മെയ് 5ന് ആണ് സിനിമയുടെ റിലീസ്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ്.

സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവരും രംഗത്തെത്തുന്നുണ്ട്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് കേരള സ്‌റ്റോറി എന്നാണ് മു്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ 32,000 സ്ത്രീകള്‍ മതംമാറി ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളായി എന്ന വ്യാജേനയുള്ള കേരള സ്‌റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. സിനിമ സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തി സാമൂഹിക ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് വി.ഡി സതീശന്‍ പ്രതികരിച്ചത്.

Vijayasree Vijayasree :