സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം, ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ല; സത്യഭാമയെ തള്ളി കലാമണ്ഡലം

കലാമണ്ഡലം സത്യഭാമയുടെ വംശീയ അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി പുറത്തുവരുന്ന പ്രസ്താവനകളെയും നിലപാടുകളും പൂര്‍ണമായും തള്ളുന്നതായി വൈസ്ചാന്‍സര്‍ ബി അനന്തകൃഷ്ണനും രജിസ്ട്രാര്‍ ഡോ. പി. രാജേഷ്‌കുമാറും ഒപ്പിട്ട പ്രസ്താവനയില്‍ പുറത്തിറങ്ങി. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്.

കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. കേരളകലാമണ്ഡലത്തിലെ പൂര്‍വ്വവിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും പ്രസ്താവനയിലുണ്ട്.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തു വന്നിരുന്നു. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.

ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

പിന്നീട് അധിക്ഷേപങ്ങളെ ന്യായീകരിച്ച് സത്യഭാമ രംഗത്തുവന്നിരുന്നു. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.

Vijayasree Vijayasree :