മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്; ഫെബ്രുവരി 22 ന് തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍

തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധം നിലനില്‍ക്കുമ്പോഴും മഞ്ഞുമ്മല്‍ ബോയ്‌സടക്കം എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഫെബ്രുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും.

‘കേരളത്തിലെ ഒരു തിയേറ്റര്‍ സംഘടന 2024 ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിച്ചതായി മാദ്ധ്യമങ്ങളിലൂടെ അറിയുവാന്‍ കഴിഞ്ഞു.. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22ന് തന്നെയും തുടര്‍ ചിത്രങ്ങള്‍ തീരുമാനിച്ച തീയതികളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും അറിയിക്കുന്നു.

ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ തിയേറ്ററുകള്‍ ഈ ചിത്രം പ്രദര്‍ശിക്കുമെന്ന് കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് ഞങ്ങളെ അറിയിച്ചു. ആ തിയേറ്ററുകളും ആയി തുടര്‍ന്നും ഞങ്ങള്‍ സഹകരിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടര്‍ സഹകരണം ആവശ്യമില്ലെന്നാണ് ഞങ്ങളുടെ തീരുമാനം.’ എന്നായിരുന്നു പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

മലയാള സിനിമാ നിര്‍മ്മാതാക്കള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ തിയേറ്ററില്‍ പുതിയ മലയാള സിനിമ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഫിയോക്. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമേ ഒടിടിയ്ക്ക് നല്‍കാവു എന്നതാണ് നിലവിലെ വ്യവസ്ഥ.

ഈ വ്യവസ്ഥ നിര്‍മ്മാതാക്കള്‍ തെറ്റിക്കുന്നു എന്നാണ് ആരോപണം. തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടുന്ന സിനിമകള്‍ പോലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഒടിടിയില്‍ വരുന്നത് തിയേറ്റര്‍ ഉടമകള്‍ക്ക് തിരിച്ചടിയാകുന്നതായാണ് ആരോപണം. റിലീസ് സമയത്തെ നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നുമാണ് ഭാരവാഹികളുടെ ആവശ്യം.

Vijayasree Vijayasree :