ആദ്യം ആന്റണിയുടെ വീട്ടുകാർ നൽകിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്, എന്നാൽ വിവാഹദിനത്തിൽ ഞാൻ ധരിച്ചത് അമ്മയുടെ വിവാഹ സാരി; കീർത്തി സുരേഷ്

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ഏറെ ശ്രദ്ധിച്ചിരുന്നു.

ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. കീർത്തിയുടെ വിവാഹ സാരികൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. വിവാഹശേഷം നൽകിയ അഭിമുഖങ്ങളിൽ തന്റെ പ്രണയത്തെ കുറിച്ചും ആന്റണിയെ കുറിച്ചുമെല്ലാം കീർത്തി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അമ്മയുടെ വിവാഹ സാരിയാണ് വിവാഹദിനത്തിൽ ഞാൻ ധരിച്ചത്. ഇത് നേരത്തെ തീരുമാനിച്ചതല്ല, യാദൃശ്ചികമായി അങ്ങനെ സംഭവിച്ചതാണ്. പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ മനോഹരമായ സാരിയിൽ മിനുക്കു പണികൾ ചെയ്തു തന്നു. വളരെ മനോഹരമായിരുന്നു അനിതയുടെ വർക്ക്.

ആദ്യം ആന്റണിയുടെ വീട്ടുകാർ നൽകിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അധികം സാരികൾ വേണമായിരുന്നു. അങ്ങനെ അമ്മയുടെ അലമാര പരിശോധിക്കുമ്പോഴാണ് ചുവന്ന സാരി കണ്ണിൽപ്പെടുന്നത്. അപ്പോൾ തന്നെ അമ്മയുടെ അനുവാദത്തോടെ ആ സാരി എടുക്കുകയായിരുന്നുവെന്നും കീർത്തി പറ‍ഞ്ഞു.

വിവാഹ ശേഷം ഒരു അഭിമുഖത്തിൽ, എല്ലായിടത്തും താലി ധരിച്ചു പോകുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്. ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്.

ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു. എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്.

എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്. പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

അടുത്തിടെ ഗോവയിൽ വച്ചു നടന്ന തമിഴ് – ക്രസ്ത്യൻ വിവാഹത്തിന് ശേഷം തനി മലയാളി സ്‌റ്റൈലിൽ നടന്ന വിവാഹ പാർട്ടിയുടെ ചിത്രങ്ങളുമായി കീർത്തി സുരേഷ് എത്തിയിരുന്നു. ഞങ്ങളിലെ നാടൻ മലയാളികളെ പുറത്തെടുത്തപ്പോൾ എന്ന് പറഞ്ഞാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.

ഗോൾഡ് നിറത്തിലുള്ള ധാവണയിൽ കേരളീയ ട്രഡീഷണൽ ആഭരണങ്ങൾ ധരിച്ചാണ് കീർത്തി എത്തിയത്, കുർത്തയും മുണ്ടും ധരിച്ച് ആണ് ഭർത്താവ് ആന്റണി തട്ടിലും എത്തിയത്. ചടങ്ങിന് പങ്കെടുത്തവരുടെ വേഷവും കേരളീയമായിരുന്നു. ഡാൻസും ഡിജെയും ഫുൾ ആഘോഷത്തിന്റെ ചിത്രങ്ങള് ആണ് കീർത്തി പങ്കു വെച്ചിരിക്കുന്നു.

ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Vijayasree Vijayasree :