അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.

ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്കും കാവ്യ ശ്രദ്ധ കൊടുത്തിരുന്നില്ല. മലയാള സിനിമാ ലോകത്തെ സ്വന്തം കുടുംബം പോലെയാണ് കാവ്യ കണ്ടത്.

അതേസമയം കരിയറിൽ വിഷമിപ്പിച്ച തില അനുഭവങ്ങളും കാവ്യക്കുണ്ടായിട്ടുണ്ട്. 2007 ലാണ് മമ്മൂട്ടി നായകനായി എത്തിയ നസ്രാണി എന്ന ചിത്രം റിലീസ് ചെയ്യുന്നത്. വിമല രാമന് പകരം കാവ്യയെയാണ് ആദ്യം ഈ സിനിമയിലേക്ക് നായികയായി തീരുമാനിച്ചത്. എന്നാൽ അവസാന ഘട്ടത്തിൽ മാറ്റം വന്നു. ഇതേക്കുറിച്ച് ഒരിക്കൽ കാവ്യ മാധവൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നെ നന്നായിട്ട് വിഷമിപ്പിച്ച കാര്യം തന്നെയായിരുന്നു അത്. ഒരുപക്ഷെ സിനിമയിൽ വന്നിട്ട് ഒരു സിനിമ വേണ്ടെന്ന് വെക്കുന്നതിലോ നഷ്ടപ്പെടുന്നതിലോ കരഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ ആ ഒരു സിനിമയ്ക്ക് മാത്രമായിരിക്കും.

നന്നായിട്ട് വിഷമമുണ്ടായിരുന്നു. അതിൽ ആരെയും കുറ്റം പറയുന്നില്ല. ജോഷി സാറിന്റെ രണ്ട് സിനിമകളിൽ മുമ്പ് വർക്ക് ചെയ്തിട്ടുണ്ട്. രണ്ടും ഹിറ്റായ സിനിമകളാണ്. രഞ്ജിത്തേട്ടൻ എന്നു ഓർക്കുന്ന തരത്തിലുള്ള നല്ല കഥാപാത്രം തന്നയാളാണ്. പക്ഷെ ഒരു ക്യാരക്ടർ തന്നിട്ട് അത് മാറ്റുകയാണെങ്കിൽ ജസ്റ്റ് പറയണം. മറ്റുള്ളവർ പറഞ്ഞ് അറിയുക, പിന്നെ അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു. ജോഷി സാറുടെ പോലൊരു സിനിമയിൽ നിന്ന് മാറുക, രഞ്ജിത്തേട്ടനെന്ന സ്ക്രിപ്റ്റ് റെെറ്ററുടെ ക്യാരക്ടറും.

അത് ശരിയാണോ എന്ന് പലരും ചോദിച്ചു. പണ്ടത്തെ സ്വഭാവം വെച്ചാണെങ്കിൽ സിനിമ ചിലപ്പോൾ ചെയ്യും. പക്ഷെ ഞാനിത്തിരിയൊക്കെ മാറിയില്ലെങ്കിൽ എനിക്ക് തന്നെയാണ് ദോഷമെന്ന് മനസിലാക്കിയത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അതിന്റെ പേരിൽ എന്നെ ആര് സിനിമയിൽ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അച്ഛനോ‌ അമ്മയോ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പോലും വന്നിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി.

മലയാളി നടിമാരേക്കാളും മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വരുന്ന നടിമാർക്ക് പരിഗണന ലഭിക്കുന്നതിനെക്കുറിച്ചും കാവ്യ മാധവൻ അന്ന് സംസാരിക്കുകയുണ്ടായി. അന്യഭാഷയിൽ നിന്ന് വരുന്ന നായികമാർക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നുണ്ട്. നമുക്ക് തന്നെ ചിലപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. അവരെ ചിലപ്പോൾ ഇവിടെയുള്ള പ്രേക്ഷകർക്ക് അറിയില്ലായിരിക്കും. ഹിന്ദിയിലും തമിഴിലും ഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള ആൾക്കാരായിരിക്കും. അവർ എത്ര ലക്ഷം രൂപ ചോദിച്ചാലും കൊടുക്കാനും തയ്യാറാണ്.

അഞ്ചോ ആറോ അസിസ്റ്റന്റ്സ് അവർക്കുണ്ടെങ്കിൽ അതും പ്രശ്നമല്ല. ഫെെവ് സ്റ്റാർ ഹോ‌ട്ടലിൽ താമസം, തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്യും. അപ്പോഴൊക്കെ ഇവർ അവർക്കുള്ള വില കൂട്ടുകയാണ് ചെയ്യുന്നത്. കറക്ട് സമയത്ത് ചെല്ലുന്നതും അവർ പൊയ്ക്കോ എന്ന് പറയുമ്പോൾ പോകുന്നതുമാണ് ഏറ്റവും വലിയ തെറ്റ്. ആ കുട്ടിക്ക് എട്ട് മണിക്കൊന്നും വരാൻ പറ്റില്ല പത്ത് മണിയാകും എന്ന് പറയും. കാവ്യയോ എന്ന് ചോദിക്കുമ്പോൾ കാവ്യയോട് ഏഴ് മണിക്ക് വരാൻ പറ എന്ന് പറയും. എന്താണ് ആ വ്യത്യാസം എന്നെനിക്ക് അറിയില്ലെന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.

അതേസമയം, മേക്കപ്പിന് വളരെയേറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് കാവ്യ മാധവൻ. അടുത്തിടെ കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് ര‍ഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.

എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞു. മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.

കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറ‍ഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു.

അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽ‌പ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഉണ്ണി പിഎസ് പറഞ്ഞത്.

അടുത്തിടെയും, കാവ്യയുടെ പഴയൊരു അഭിമുഖം നടിയുടെ ഫാൻസ് പേജുകളിൽ വൈറലായിരുന്നു.പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.

പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.

വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.

ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. ‌‌എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, കാവ്യ മാധവൻ പറയുന്നു.

2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.

Vijayasree Vijayasree :