അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കവിയൂർ പൊന്നമ്മ. താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിലാണ് ചടങ്ങുകൾ.
നിലവിൽ ലിസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാർധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ വെച്ച് തന്നെയായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു കവിയൂർ പൊന്നമ്മ.
1945 ൽ പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ മകളായി ആണ് താരം ജനിക്കുന്നത്. ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു പൊന്നമ്മ. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്. 1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ചെറിയ പ്രായത്തിൽ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറിൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021 ൽ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.
1963 ൽ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീർഥയാത്ര, ധർമയുദ്ധം, ഇളക്കങ്ങൾ, ചിരിയോ ചിരി, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പാട്ടുപിടിയിട്ടുണ്ട്. എൽ.പി.ആർ. വർമയുടേ ശിക്ഷണത്തിൽ സംഗീതം പഠിച്ചിരുന്നു. വെച്ചൂർ എസ് ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
പതിനാലാമത്തെ വയസ്സിൽ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. 1999 മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. നാലു തവണ ഏറ്റവും മികച്ച സഹ നടിയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
കൂടാതെ ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.