ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ചുരുങ്ങിയ കാലം കൊണ്ട്തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ കാർത്തിക്കിന് സാധിച്ചു. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്തുണ്ട്.
പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. മാനസികവളര്‍ച്ച കുറഞ്ഞ കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിക്കുന്നത്.
സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്.
ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു. അന്നൊന്നും ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം കാർത്തിക്കിന് ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ അന്നെല്ലാം കാർത്തിക്കിനെ കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നുവെന്ന് കാർത്തിക്ക് മുൻമ്പ് പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അതിന് കാരണം ഫെബ്രുവരിയിൽ സംഭവിച്ച അപകടമാണ്. ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കാർത്തിക്കിനെ ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തിക്ക് ഇപ്പോൾ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്.
സുഖം പ്രാപിച്ച് വരുന്നതിന്റെ സന്തോഷം അടുത്തിടെ സോഷ്യൽമീഡിയ പോസ്റ്റ് വഴി കാർത്തിക്ക് പങ്കിട്ടത് വൈറലായിരുന്നു. കാർത്തിക് ഒരു നടൻ മാത്രമല്ല കോഴിക്കോട് മാതൃഭൂമി ഓഫീസിലെ ജീവനക്കാരൻ കൂടിയാണ്.
ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് കാർത്തിക്. കോഴിക്കോട് മാതൃഭൂമി ഓഫീസിലെ ജോലിയിൽ തിരികെ കയറിയിരിക്കുകയാണ് കാർത്തിക്ക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ച വിവരം ബാക്ക് ടു ഓഫീസ് എന്ന് കുറിച്ചുകൊണ്ട് കാർത്തിക്ക് അറിയിച്ചത്. താരത്തിന്റെ ആരാധകർ കാത്തിരുന്നതും ഇതിന് വേണ്ടിയായിരുന്നു. അഭിനയത്തിലേക്കും എത്രയും വേഗം മടങ്ങിയെത്താൻ കഴിയട്ടെയെന്ന ആശംസകളുമായി ആരാധകരും എത്തി.
അതേസമയം അപകടത്തെ കുറിച്ചും മരണത്തെ മുന്നിൽ കണ്ട ജീവിച്ചതിനെ കുറിച്ചും ഒരു അഭിമുഖത്തിൽ കാർത്തിക് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. പത്തോളം സർജറികൾ കാലിന് മാത്രം ചെയ്തുവെന്നും കാർത്തിക്ക് പറഞ്ഞത്.
ആറ് മാസമായി അഭിനയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുകയാണ്. മൗനരാഗം ഷൂട്ട് കഴിഞ്ഞ് റൂമിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്നു. അതിനിടെയാണ് പുറകിൽ നിന്നും വന്ന കെഎസ്ആർടിസി സിഫ്റ്റ് ബസ് ഇടിച്ചത്.
ദേഹം മുഴുവൻ പൊള്ളലേറ്റ പ്രതീതിയായിരുന്നു അപകടം നടന്നശേഷം എനിക്ക്. അപകട സ്ഥലത്ത് വെച്ച് തന്നെ പലരും ഞാൻ ആർട്ടിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അവർ അത് പറയുന്നതെല്ലാം എനിക്ക് കേൾക്കാമായിരുന്നു. വണ്ടിയിൽ കയറ്റുന്നത് വരെയുള്ള കാര്യങ്ങൾ ഓർമയുണ്ട്.
പിന്നെ ഒന്നും ഓർമയില്ല. ആശുപത്രിയിൽ എത്തിയശേഷം ഡോക്ടർ പറഞ്ഞാണ് അപകടം സംഭവിച്ചുവെന്നും പരിക്കുണ്ടെന്നും ഞാൻ മനസിലാക്കിയത്.കാലിലെ ഞരമ്പുകളെല്ലാം പോയിരുന്നു. സ്കാനിങിനുശേഷം കാൽ മുറിച്ച് കളയണമെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. സീരിയലിനൊപ്പം മാതൃഭൂമി പത്രത്തിലും ഞാൻ ജോലി ചെയ്യുന്നുണ്ട്.
അവരാണ് എന്നോട് പറഞ്ഞത് കാല് മുറിച്ച് കളയണമെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്നത്. പക്ഷെ കാൽ മുറിക്കേണ്ട ഓപ്പറേഷൻ മതിയെന്ന് മാതൃഭൂമിയിലെ സുഹൃത്തുക്കൾ പറഞ്ഞു. അങ്ങനെ ഓപ്പറേഷൻ നടന്നു. അത് സക്സസായി. ഇതുവരെ പത്തോളം സർജറികൾ കാലിന് മാത്രം ചെയ്തു.
ഒരു സർവൈവൽ സ്റ്റേജിലാണ് ഇപ്പോൾ. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് അഭിനയം വീണ്ടും തുടങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു ഞാനിന്നും കാർത്തിക് പറഞ്ഞു. ചിലപ്പോഴൊക്കെ കാല് ഡ്രെസ് ചെയ്യുമ്പോൾ അതിന്റെ അവസ്ഥ കണ്ട് പൊട്ടിക്കരയും ഞാൻ.
എന്റെ കാലായിട്ട് പോലും എനിക്ക് തോന്നിയില്ല. വല്ലാത്തൊരു സങ്കടമായിരുന്നു. നിങ്ങൾ ഭയങ്കര ഭാഗ്യവാനാണ്. ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നാണ് എന്നെ ആശ്വസിപ്പിക്കാനെത്തിയ ഡോക്ടർ പറഞ്ഞത്. ഇനി അഭിനയിക്കാൻ പറ്റില്ലേയെന്ന് വരെ എനിക്ക് തോന്നൽ വന്നിരുന്നു. ഒരുപാട് ചോദ്യങ്ങൾ മനസിൽ വന്നു.
പതിനഞ്ച് വർഷത്തോളം ചാൻസ് ചോദിച്ച് നടന്നിട്ടാണ് അവസരം കിട്ടിയത്. അത് ഇനി പൂർണമായും ഇല്ലാതെയാകുമോ എന്നൊക്കെ തോന്നി. ഡ്രെസ്സിങിന് പോകുന്നതെല്ലാം ആംബുലൻസിലായിരുന്നു. എനിക്ക് അപകടം പറ്റിയശേഷം മരിച്ച വീട് പോലെയായിരുന്നു എന്റെ കുടുംബം. എന്നെ സ്ട്രക്ചറിൽ കൊണ്ടുവരുന്നത് കാണുമ്പോൾ അമ്മയും ഭാര്യയും മക്കളും എല്ലാം മൂലയിൽ ഇരുന്ന് കരയാൻ തുടങ്ങും.
എന്റെ ശബ്ദം വീട്ടിൽ ഉയരാതെയായതോടെ എന്റെ ആറ് വയസുള്ള മകനും ഒതുങ്ങി കൂടി. അവനും അധികം സംസാരിക്കാതെയായി. കൂട്ടുകാരൊക്കെ എന്നെ കാണാൻ വരുമ്പോഴും വല്ലാത്ത സങ്കടം വരും. ഇപ്പോൾ അവർക്ക് ഞാൻ അത്ഭുതമാണ്. നീ ഇത്രവേഗം കേറിവന്നല്ലോയെന്ന് പറയും.
സീരിയൽ രംഗത്ത് എനിക്കൊപ്പം പ്രവർത്തിച്ചവരെല്ലാം കാണാൻ വന്നിരുന്നു. സീരിയലിൽ എന്റെ കഥാപാത്രത്തിനും അപകടം സംഭവിച്ചുവെന്ന രീതിയിലാണ് കഥ പോകുന്നത്. രണ്ട് മാസം കഴിയുമ്പോൾ സീരിയലിൽ തിരിച്ച് ജോയിൻ ചെയ്യാനാകും. സീരിയൽ പ്രേക്ഷകർ എന്നെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനും പ്രാർത്ഥിക്കാറുണ്ടെന്ന് പറയാനുമൊക്കെ വരാറുണ്ട്.
അവരുടെ വീട്ടിൽ ഒരാൾക്ക് അപകടം പറ്റിയതുപോലെയാണ്. എനിക്ക് ഒന്നും സ്വയം ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എല്ലാത്തിനും ഭാര്യയായിരുന്നു ഒപ്പം നിന്നത്. തീർത്താൽ തീരാത്ത നന്ദി ഭാര്യയോടും കുടുംബത്തോടുമുണ്ട് എന്നാണ് കാർത്തിക്ക് ഒരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങളെ കുറിച്ച് പറഞ്ഞത്.