വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും; ‘ഹമാരേ ബാരാ’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍

അന്നൂ കപൂര്‍ ചിത്രം ‘ഹമാരേ ബാരാ’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 7നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

1964ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഏതാനും മുസ്ലീം സംഘടനകള്‍ കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു. അന്നു കപൂറിന് പുറമേ മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ് സാമ്താന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാരാ.

മതവികാരത്തെ വ്രണപ്പെടുത്തുന്നു, സാമൂഹിക ഐക്യം തകര്‍ക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ സര്‍ക്കാറിനോട് സിനിമ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്.

സിനിമയുടെ റിലീസിന് 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ‘ഹമാരെ ബാരാ’യുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.

ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

ബിരേന്ദര്‍ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാല്‍, ഷിയോ ബാലക് സിങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് കമല്‍ ചന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഹമാരേ ബാരാ’.

Vijayasree Vijayasree :