എന്റെ സിനിമകളെ പുകഴ്ത്തി പറഞ്ഞ് രക്ഷപ്പെടുത്താന്‍ പണം നല്‍കി തിയേറ്ററുകളിലേക്ക് ആളെ വിടാറുണ്ട്’; കരണ്‍ ജോഹര്‍

ബോളിവുഡ് സിനിമ മേഖലയിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തി പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. തന്റെ സിനിമകളെ പുകഴ്ത്തി പറഞ്ഞ് രക്ഷപ്പെടുത്താന്‍ പണം നല്‍കി തിയേറ്ററുകളിലേക്ക് ആളെ വിടാറുണ്ടെന്ന് സംവിധായകന്‍ സമ്മതിച്ചു. ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പ്രധാനമാണ്. നിര്‍മ്മാതാവെന്ന നിലയില്‍ സിനിമയ്ക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്യാറുണ്ടെന്നും കരണ്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു തുറന്നു പറച്ചില്‍.

ശരാശരി സിനിമയെ ഹിറ്റ് സിനിമയാക്കി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്. വലിയൊരു ഊര്‍ജം അതിന് വിനിയോഗിക്കേണ്ടിവരും. സിനിമയെ വിമര്‍ശിക്കുന്നവരെ ഞാനും വിമര്‍ശിക്കും. മറിച്ച് പുകഴ്ത്തിയാല്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. ഒരുപക്ഷേ നല്ല സിനിമയാണെങ്കില്‍ സമാധാനമായി വീട്ടിലിരിക്കാം. ഇതിന്റെയൊന്നും ആവശ്യം വരുന്നില്ല. തിയേറ്ററിലെ വൈറല്‍ പ്രതികരണങ്ങള്‍ പബ്ലിസിറ്റി ആഗ്രഹിച്ചുള്ളവയാണ്. അത് പൊങ്ങിവരുമ്പോള്‍ യഥാര്‍ത്ഥ അഭിപ്രായങ്ങള്‍ മുങ്ങിപ്പോകുന്നുവെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

2023ലെ ഏറ്റവും മികച്ച ചിത്രത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. അനിമല്‍ എന്ന സിനിമയെ കുറിച്ചാണ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നത്. സിനിമ രണ്ടുതവണ കണ്ടുവെന്ന് പറഞ്ഞ അദ്ദേഹം അനിമലിന്റെ കഥപറച്ചില്‍ രീതി അത്യധികം ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു.

‘ഗാലറ്റ പ്ലസ് മെഗാ പാന്‍ ഇന്ത്യ റൗണ്ട് ടേബിള്‍ 2023’ ചര്‍ച്ചയുടെ ഭാഗമായി സംവിധായകന്‍ സന്ദീപ് റെഡ്ഡിയോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘അനിമല്‍ 2023ലെ ഏറ്റവും നല്ല പടമാണെന്ന് പറയുമ്പോള്‍, നോക്കിപ്പേടിപ്പിക്കാന്‍ ചില കണ്ണുകള്‍ എന്നിലേക്ക് വരുമെന്ന് നല്ല ബോധ്യമുണ്ട്. അതറിഞ്ഞുകൊണ്ട് തന്നെയാണ് പറയുന്നത്. ഈ അഭിപ്രായം തുറന്നുപറയാന്‍ ഞാന്‍ ഒരുപാട് ധൈര്യം സംഭരിക്കേണ്ടി വന്നിരുന്നു.

തികച്ചും വേറിട്ടൊരു കഥ പറച്ചിലായിരുന്നു അനിമലിന്റേത്. മിത്തുകളെ തച്ചുടയ്ക്കുന്ന, മുഖ്യധാര സിനിമയില്‍ ഉണ്ടാകണമെന്ന് കരുതുന്ന പല കാര്യങ്ങളെയും തകര്‍ക്കുന്ന കഥപറച്ചില്‍.ഇന്റര്‍വെല്‍ സീന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതുപോലൊരു സീക്വന്‍സ് മറ്റെവിടെയും കണ്ടിട്ടില്ല. ക്ലൈമാക്‌സ് എത്തിയപ്പോള്‍ കരഞ്ഞുപോയി’ എന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

Vijayasree Vijayasree :