ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് കരൺ ജോഹർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കരൺ.
സ്വന്തം ശരീരത്തെ വെറുക്കുന്ന ബോഡി ഡിസ്മോർഫിയ എന്ന രോഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്, അതിനാൽ ഒരു സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. സ്വന്തം ശരീരത്തെ ദയനീയമായി നോക്കിക്കാണാതിരിക്കാൻ എനിക്കാവില്ല. ഇങ്ങനെ എങ്ങനെ മുന്നോട്ടുപോകുമെന്നും എനിക്കറിയില്ല.
ഈ ചിന്തയെ തരണം ചെയ്യാൻ ഞാൻ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും അയഞ്ഞ വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നത് അതുകൊണ്ടാണ്. ശരീരഭാരം എത്ര കുറച്ചാലും, എന്റെ ആശങ്ക കുറയില്ല. കാരണം എനിക്ക് തടിയുണ്ടെന്ന തോന്നലാണ് എപ്പോഴും എന്നെ വേട്ടയാടുന്നത്. അതുകൊണ്ട് മറ്റുള്ളവർ എന്റെ ശരീരത്തിന്റെ ഒരു ഭാഗങ്ങളും കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നുമാണ് കരൺ ജോഹർ പറയുന്നത്.
തെറാപ്പിയിലൂടെയും കൗൺസിലിംഗിലൂടെയും ഒരുപരിധി വരെ ഡിസ്മോർഫിയ എന്ന രോഗത്തെ മറികടക്കാം എന്നാണ് വിദഗ്ദർ പറയുന്നത്. ഡിസ്മോർഫിയയുടെ ലക്ഷണങ്ങൾ;
സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയോ നാണക്കേടോ തോന്നുക.
ആവർത്തിച്ച് കണ്ണാടിയിൽ നോക്കുക
അമിതമായ സ്വയം പരിചരണം
മറ്റുള്ളവരുടെ ശരീരത്തോടെ സ്വന്തം ശരീരത്തെ താരതമ്യം ചെയ്യുക
കോസ്മറ്റിക് സർജറികളെ അമിതമായി ആശ്രയിക്കുക.