കരൺ ജോഹർ മോഹൻലാൽ കണ്ടുമുട്ടലിന് പിന്നിൽ സൗഹൃദ സന്ദര്‍ശനം മാത്രമോ?

രജനീകാന്തിനൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയതിനു പിന്നാലെ ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനൊപ്പമുള്ള ചിത്രം പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രം ഇപ്പോൾ മലയാളി പ്രേക്ഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

കരൺ ജോഹറിനൊപ്പം നിൽക്കുന്ന ചിത്രം തൻ്റെ ഇൻസ്റ്റഗ്രാം പേജിലാണ് മോഹൻലാൽ പങ്കുവെച്ചത്.കരണിനൊപ്പമുള്ള സമയം നന്നായി ചെലവഴിച്ചെന്നാണ് ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒരു വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാൽ നാകനായി 2022 ൽ സൂപ്പർഹിറ്റായ മലയാള ചിത്രം ഹൃദയത്തിൻ്റെ ഹിന്ദി റീമേക്കിൻ്റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത് കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്‌ഷൻസാണ്. ഇപ്പോളത്തെ കൂടിക്കാഴ്ച ഹിന്ദി പതിപ്പിൻ്റെ ചർച്ചയുടെ ഭാഗമാണോ എന്നുള്ള സംശയങ്ങളും ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇരുവരുടെയും സൗഹൃദ സന്ദർശനം മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹൃദയത്തിന്റെ റീമേക്കിൽ സെയ്ഫ് അലിഖാൻ്റെ മകൻ ഇബ്രാഹിം അലി ഖാനാണ് നായകനാകുന്നത്. കരൺ ജോഹർ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനി റിലീസിനു തയാറെടുക്കുകയാണ്. ചിത്രത്തിൻ്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഇബ്രാഹിം. കരൺ ജോഹർ കഴിഞ്ഞ രണ്ടു ദിവസമായി രാജസ്ഥാനിലുണ്ടായിരുന്നു. സിദ്ധാർഥ് മൽഹോത്ര – കിയാര അദ്വാനി വിവാഹത്തോട് അനുബന്ധിച്ചുള്ള മൂന്നു ദിവസത്തെ ആഘോഷ പരിപാടിക്കായി കരൺ ജോഹർ, ഷാഹിദ് കപൂർ, ഭാര്യ മീര രാജ്പുത്, ജൂഹി ചൗള തുടങ്ങിയവർ നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. വിവാഹ ആഘോഷത്തിനു ശേഷം തിരികെ മുംബൈയിലേക്കുള്ള യാത്ര മധ്യേയാണ് മോഹൻലാലിനെ കരൺ ജോഹർ കണ്ടുമുട്ടിയതന്നു പറയുന്നു.

മോഹൻലാലിൻ്റെ എയർപോർട്ടിലെ വൈറലായ ചിത്രത്തിൽ കണ്ട വേഷത്തിൽ തന്നെയാണ് കരൺ ജോഹറുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ എയർപോർ‌ട്ടിലെത്തിയപ്പോൾ സിദ്ധാർഥ് – കിയാര വിവാഹത്തിന് എത്തിയതാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. തന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലായെന്നായിരുന്നു മോഹൻലാലിൻ്റെ മറുപടി. ജയ്സൽമീർ വളരെ മനോഹരമായ നഗരമാണെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി തനിക്കിവിടം അറിയാമെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലാണ് നായകനായെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത് . വമ്പൻ താരനിരയും ബജറ്റും കൊണ്ട് ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു. ജനുവരിയിൽ രാജസ്ഥാനിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ജയ്പൂരിൽ ഷൂട്ടിംഗ് ആരംഭിച്ചതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നതുമാണ്. ഇപ്പോൾ മലൈകോട്ടൈ വാലിബൻ്റെ ചിത്രീകരണത്തിൻ്റെ ഭാഗമായി രാജസ്ഥാനിലെ ജയ്സൽമീർ എയർപോർട്ടിലെത്തിയതായിരുന്നു മോഹൻലാൽ. രജനികാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിലാണ് മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ജയിലറിന്‍റെ ചിത്രീകരണവും നിലവില്‍ ജയ്സാല്‍മീറിലാണ് പുരോ​ഗമിക്കുന്നത്.

Rekha Krishnan :