2023ലെ ഏറ്റവും നല്ല പടം, രണ്ടുതവണ കണ്ടു, ക്ലൈമാക്‌സ് എത്തിയപ്പോള്‍ കരഞ്ഞുപോയി; ആ ചിത്രത്തെ കുറിച്ച് കരണ്‍ ജോഹര്‍

പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കരണ്‍ ജോഹര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ 2023ലെ ഏറ്റവും മികച്ച ചിത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. അനിമല്‍ എന്ന സിനിമയെ കുറിച്ചാണ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നത്.

സിനിമ രണ്ടുതവണ കണ്ടുവെന്ന് പറഞ്ഞ അദ്ദേഹം അനിമലിന്റെ കഥപറച്ചില്‍ രീതി അത്യധികം ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. ‘ഗാലറ്റ പ്ലസ് മെഗാ പാന്‍ ഇന്ത്യ റൗണ്ട് ടേബിള്‍ 2023’ ചര്‍ച്ചയുടെ ഭാഗമായി സംവിധായകന്‍ സന്ദീപ് റെഡ്ഡിയോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘അനിമല്‍ 2023ലെ ഏറ്റവും നല്ല പടമാണെന്ന് പറയുമ്പോള്‍, നോക്കിപ്പേടിപ്പിക്കാന്‍ ചില കണ്ണുകള്‍ എന്നിലേക്ക് വരുമെന്ന് നല്ല ബോധ്യമുണ്ട്. അതറിഞ്ഞുകൊണ്ട് തന്നെയാണ് പറയുന്നത്. ഈ അഭിപ്രായം തുറന്നുപറയാന്‍ ഞാന്‍ ഒരുപാട് ധൈര്യം സംഭരിക്കേണ്ടി വന്നിരുന്നു.

തികച്ചും വേറിട്ടൊരു കഥ പറച്ചിലായിരുന്നു അനിമലിന്റേത്. മിത്തുകളെ തച്ചുടയ്ക്കുന്ന, മുഖ്യധാര സിനിമയില്‍ ഉണ്ടാകണമെന്ന് കരുതുന്ന പല കാര്യങ്ങളെയും തകര്‍ക്കുന്ന കഥപറച്ചില്‍.

ഇന്റര്‍വെല്‍ സീന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതുപോലൊരു സീക്വന്‍സ് മറ്റെവിടെയും കണ്ടിട്ടില്ല. ക്ലൈമാക്‌സ് എത്തിയപ്പോള്‍ കരഞ്ഞുപോയി. ‘ കരണ്‍ ജോഹര്‍ പറഞ്ഞു.

Vijayasree Vijayasree :