കേരളത്തിലും ‘കാന്താര’ തരംഗം; കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ചത് ഒരു കോടി രൂപ

കന്നഡ ഭാഷയില്‍ നിന്ന് എത്തി ബോക്‌സോഫീസുകള്‍ കീഴടക്കി, ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കേരളത്തില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ചത് ഒരു കോടി രൂപയാണ് എന്ന് പറയുകയാണ് ഹോംബാലെ ഫിലിംസിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ.

കേരളത്തില്‍ ആദ്യം കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത കാന്താര വിജയമായതോടെ 253 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയതായി മലയാളം മൊഴിമാറ്റം വിതരണത്തിനെത്തിച്ച മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

കൊച്ചിയില്‍ വച്ച് നടന്ന പ്രസ്സ് മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമയെ പ്രശംസിച്ച് താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. കാന്താരയുടെ തിരക്കഥയും സംവിധാനവും ഋഷഭ് തന്നെയാണ്.

ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കാന്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയടുത്തിറങ്ങിയ ‘കെജിഎഫ് 2’വിന്റെ സ്വീകാര്യതയെ അട്ടിമറിച്ചുകൊണ്ടാണ് കാന്താര വിജയം നേടിയത്. 250 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതവരെയുള്ള കളക്ഷന്‍. മലയാളത്തില്‍ കാന്താര എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

കഴിഞ്ഞ ദിവസം ‘കാന്താര’ സിനിമയിലെ ‘വരാഹ രൂപം’ ഗാനത്തിനെതിരെ തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടീവിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കാണ് ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി പുറപ്പെടുവിച്ചത്.

തൈക്കൂടം ബ്രിഡ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജറായത്. എന്നാല്‍ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കൊപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അറിയിച്ചിരുന്നു.

Vijayasree Vijayasree :