കന്നഡയില്‍ നിന്നുമെത്തി ബോക്‌സോഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു കാന്താര. റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. 16 കോടി ബജറ്റില്‍ നിര്‍മിച്ച് കാന്താര ബോക്‌സ് ഓഫീസില്‍നിന്ന് 406.75 കോടി കലക്ട് ചെയ്തിരുന്നു. സിനിമ വന്‍ വിജയം നേടിയതിന് പിന്നാലെ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു.
ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത റിഷഭ് ഷെട്ടിയ്ക്ക് സിനിമയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് 4 കോടി രൂപയാണ് പ്രതിഫലം നല്‍കിയതെന്നാണ് വിവരം.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുരളിയായി വേഷമിടുന്ന കിഷോറിന് ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. പ്രമോദ് ഷെട്ടിയാണ് ചിത്രത്തില്‍ സുധാകര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉളിദവരു കണ്ടന്തേ, കിരിക് പാര്‍ട്ടി, അവനേ ശ്രീമന്‍നാരായണന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഭാഗമായിരുന്നു പ്രമോദ്. 60 ലക്ഷം രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം വാങ്ങിയത്.
ഈ വര്‍ഷത്തെ മറ്റൊരു തകര്‍പ്പന്‍ ഹിറ്റായ കെജിഎഫ് 2 ലും കണ്ട അച്യുത് കുമാര്‍, രാജാവിന്റെ പിന്‍ഗാമിയായും ചിത്രത്തിലെ പ്രധാന വില്ലനായും അഭിനയിച്ചു. തന്റെ വേഷത്തിനായി 40 ലക്ഷം രൂപയാണ് അച്യുത് കുമാറിന് ലഭിച്ചത്. ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട നായിക സപ്തമി ഗൗഡയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് വിവരം.