കാന്താര 2 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കന്നഡയിൽ നിന്നെത്തി അപ്രതീക്ഷിത വിജയം കൈവരിച്ച ചിത്രമാണ് കാന്താര. ഇപ്പോഴിതാ കാന്താരയുടെ പ്രീക്വൽ ജോലികൾ ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ അപകടത്തിൽപ്പെട്ടുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. കർണാടകയിലെ കൊല്ലൂരിന് സമീപം ജാഡ്കാലിൽ ആണ് സംഭവം.

ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂഡൂരിലെ ചിത്രീകരണം പൂർത്തിയാക്കി കൊല്ലൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുവീണു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം കാന്താരയുടെ രണ്ടാം ഭാഗം 2025 ൽ റിലീസാവുമെന്നാണ് വിവരം. ഉഡുപ്പിക്ക് സമീപത്തെ തീരദേശമേഖലകളിലാണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

നടൻ ജയറാമും മോഹൻലാലും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരമുണ്ട്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. തു​ട​ർ​ച്ച​യാ​യി​ 60​ ​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​വ​ലി​യ​ ​ഷെ​ഡ്യൂ​ളാ​ണ്.​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ഈ​ ​ഷെ​ഡ്യൂ​ളി​നാ​യി​ ​ഋ​ഷ​ഭ് ​കു​തി​ര​സ​വാ​രി​യും​ ​ക​ള​രി​പ്പ​യ​റ്റും​ ​പ​രി​ശീ​ലി​ച്ചിരുന്നു.

കാന്താരയുടെ ആദ്യ ഭാഗം 2022 സെപ്‍തംബറിലായിരുന്നു പ്രദർശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മാറുകയായിരുന്നു. റെക്കോർഡുകൾ ഭേദിച്ചാണ് കാന്താര മുന്നേറിയത്.

Vijayasree Vijayasree :