തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, വിധി, വരാൽ, വിരുന്ന് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കേറെ സുപരിചിതനായ സംവിധായകനാണ് കണ്ണൻ താരമക്കുളം. സിനിമാ സംവിധായകൻ എന്നതിനേക്കാളുപരി രവധി സൂപ്പർ ഹിറ്റ് പരമ്പരകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷൻ രംഗത്തും തന്റേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കണ്ണൻ താമരക്കുളം. തന്റെ രണ്ട് കിഡ്‌നിയും മാറ്റിവെക്കേണ്ടി വന്നുവെന്നാണ് കണ്ണൻ താമരക്കുളം പറയുന്നത്. എനിക്ക് കിഡ്‌നി മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇപ്പോഴാണ് അടുത്ത സുഹൃത്തുക്കൾ പോലും അറിയുന്നത്. പതിനേഴ് വർഷം മുമ്പ് ഒരു തവണ കിഡ്‌നി മാറ്റിവച്ചിരുന്നു.
അമ്മയുടെ കിഡ്‌നിയായിരുന്നു വച്ചിരുന്നത്. ശരീരത്തിന്റെ ഇമ്യൂണിറ്റി നഷ്ടമാകുന്നൊരു അസുഖമായിരുന്നു. അന്നാണ് ആദ്യം കണ്ടുപിടിച്ചത്. അമ്മയാണ് അന്ന് കിഡ്‌നി തന്നത്. അതിന് ശേഷമാണ് ഞാൻ സിനിമകൾ ഡയറക്ട് ചെയ്തു തുടങ്ങിയത്. സിനിമയിൽ അസിസ്റ്റന്റായും സീരിയൽ ഡയറക്ട് ചെയ്തുമൊക്കെ തുടങ്ങിയ കാലത്തായിരുന്നു അസുഖം വന്നത്.
പതിനേഴ് വർഷം നോർമൽ ആയിരുന്നു. പിന്നെയാണ് കൊറോണ വരുന്നത്. മൂന്ന് തവണ കൊറോണ വന്നു. രണ്ട് തവണയും സർവൈവ് ചെയ്തു. പക്ഷെ മൂന്നാം തവണ കൊറോണ വന്നപ്പോൾ കിഡ്‌നി റിജക്ട് ചെയ്തു. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയായി. ചെന്നൈയിൽ ഒരു സിനിമയുടെ ഡബ്ബിംഗിന് പോയതായിരുന്നു. അപ്പോൾ ആദ്യത്തെ തവണ വന്നത് പോലുള്ള പ്രശ്‌നങ്ങൾ വരാൻ തുടങ്ങി.
ആദ്യം കരുതിയത് ഫുഡിന്റെ പ്രശ്‌നമാണെന്നാണ്. അങ്ങനെയല്ലെന്ന് എനിക്ക് തന്നെ പിന്നെ മനസിലായി. വീണ്ടും കിഡ്‌നി ട്രാൻസ്പ്ലാന്റ് ചെയ്യണമെന്നായി. വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ എന്റെ അസുഖക്കാര്യം അറിയൂ. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്കതിൽ താൽപര്യമില്ലായിരുന്നു. പക്ഷെ പലർക്കും ഒരു പ്രചോദനം ആകുമെന്ന് കുരതിയാണ് ഇപ്പോൾ പറയുന്നത്.
ഡോണറെ കിട്ടിയ ശേഷമായിരുന്നു അടുത്ത ട്വിസ്റ്റ്. ഹാർട്ടിന് ചെറിയൊരു പ്രശ്‌നം. അത് വെച്ചുകൊണ്ട് ട്രാൻസ്പ്ലാന്റ് ചെയ്യാനാകില്ല. അതിനാൽ ആദ്യം ബൈപ്പാസ് ചെയ്യണം. എന്നാലേ സർജറി ചെയ്യാൻ പറ്റുകയുള്ളൂ. ബൈപ്പാസിന്റെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ഭാര്യയ്ക്ക് മാത്രമേ അറിയൂ. അച്ഛന് നേരത്തെ ഒരിക്കൽ ബൈപ്പാസ് ചെയ്തിരുന്നു. അവർ അറിഞ്ഞാൽ പേടിക്കും. അതിനാൽ അവരോട് പറയണ്ട എന്ന് ഞാനും ഭാര്യയും തീരുമാനിച്ചു.
ബുധനാഴ്ച ഡോക്ടറെ കണ്ടു, വെള്ളിയാഴ്ച ബൈപ്പാസ്. പക്ഷെ ബൈപ്പാസ് കഠിനമായിരുന്നു. കുറച്ച് നാൾ വേദന അനുഭവിച്ചു. ബൈപ്പാസ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാണ് വീട്ടിൽ പറയുന്നത്. ബൈപ്പാസ് കഴിഞ്ഞ് ആറ് മാസം തികയുന്ന അന്നു തന്നെ കിഡ്‌നി ട്രാൻസ്പ്ലാന്റും ചെയ്തു. കിഡ്‌നി ട്രാൻസ്പ്ലാന്റ് ചെയ്ത് ആറ് മാസം കഴിഞ്ഞാലേ ജോലി ചെയ്യാനാകൂ. ആറ് മാസം തികയുന്ന അന്ന് തന്നെ ഞാൻ ജോലി ചെയ്തു തുടങ്ങി.
മനസിന്റെ ശക്തിയും ഇതിനെ മറി കടക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടെങ്കിൽ പ്രതിസന്ധികളെ മറി കടക്കാനാകും. ആദ്യത്തെ തവണ ചെയ്തപ്പോഴും വിശ്രമിച്ച് ആറു മാസം തികയുന്ന അന്ന് മലയാറ്റൂർ മല കയറി വിശുദ്ധ തോമാസ്ലീഹ എന്ന പരിപാടി ഷൂട്ട് ചെയ്തിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
മാത്രമല്ല, തന്റെ ചികിത്സ നടക്കുമ്പോൾ എല്ലാവിധ പിന്തുണയുമായി ജയറാം, രമേശ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഗണേഷ് കുമാർ തുടങ്ങിയവർ ഒപ്പം തന്നെ ഉണ്ടായിരുന്നുവെന്നാണ് കണ്ണൻ പറയുന്നത്. മമ്മൂട്ടി സർജറിയ്ക്ക് മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും വീണ്ടും കണ്ടപ്പോൾ ആരോഗ്യ വിവരം തിരക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.