കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാ​ഗർ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാ​ഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ. കണ്ണൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പലചരക്ക് കട തുടങ്ങിയെന്നുള്ള വിവരം അറിയിച്ചത്.

കണ്ണന്റെ കുറിപ്പിന്റെ പൂർണൂപം:

കച്ചവടവും ഒരു കല തന്നെയാണ്. ഇടപെടലുകൾ, കൊടുക്കൽ വാങ്ങൽ, കടം പറയൽ! താമസിച്ചാൽ നമുക്ക് ചോദിക്കേണ്ട കടമയുള്ളതല്ലേ. അങ്ങനെ ചോദിച്ചുപോയാൽ വാങ്ങുന്നവരുടെ മുഖത്ത് അതുവരെ കാണാത്ത ഒരു വികാരം ജനിക്കും. ചിലപ്പോൾ രൂക്ഷമായി നോക്കും. അല്ലെങ്കിൽ ഇനി കടം തീർത്തിട്ടേ സാധനങ്ങൾ വാങ്ങുന്നുള്ളൂ, കട ഇവിടെ മാത്രമല്ലല്ലോ എന്ന പരാതിയും.

ഇതിനു മുൻപ് മേടിച്ചപ്പോൾ കൃത്യമായി തന്നില്ലേ, പിന്നെന്താന്നുള്ള മനസ്സിൽ കുത്തുന്ന വാക്കുകൾ കൊണ്ട് ഒരടിയും! പിന്നെ നിങ്ങൾക്ക് ഒരു ഗുണമാകട്ടെ എന്നു കരുതിയാ ഇങ്ങോട്ട് വരുന്നതും എന്നുള്ള മനോഭാവവും. ഇതു പത്തു പേരോട് പറഞ്ഞിട്ടു തന്നെ കാര്യം എന്ന ദാർഷ്ട്യവും. ഈ ലോകത്തു ഈ കുഞ്ഞു കടയിൽ മാത്രമല്ല കേട്ടോ, ചെറുകിട കച്ചവടക്കാർ അനുഭവിക്കുന്ന ഒരു ഭാഗം മാത്രമാണിത്.

സൗമ്യമായി വിശേഷങ്ങൾ തിരക്കി, അവരുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ചോ തൊഴിൽ എങ്ങനെ പോകുന്നെന്നോ നാട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞു യാത്രകൾ പോയതിനെ കുറിച്ചു ചോദിച്ചും ശത്രുത ഉള്ളവരെ കുറിച്ചു കേട്ടറിഞ്ഞു അൽപ്പം എരിവും പുളിയും ചവർപ്പും തെറിയും നിറഞ്ഞ സംസാരങ്ങൾ ആസ്വദിച്ചും അങ്ങനെ നിൽക്കണം.

ഇവരുടെ ശത്രുക്കൾ ഇവിടെ വരാറുണ്ടെന്നു ഒരു വാക്ക് മിണ്ടരുത്. പിന്നെ പറ്റുമില്ല, വരവും നിൽക്കും. തരാനുള്ളതു ഗോവിന്ദയുമാകും. നമ്മളും വരുന്നവരെ അങ്ങനെ സുഖിപ്പിച്ചു നിൽക്കണം എന്നർത്ഥം. ദേഷ്യമോ നീരസത്തോടെയോ ചൂടായോ അർത്ഥം വച്ചോ സംസാരം വന്നാൽ ഒരു കസ്റ്റമർ നഷ്ടമാകും.

കലാമേഖലയിൽ നിന്നും കച്ചവടമേഖലയിൽ വന്ന ഞാൻ പൊരുത്തപ്പെട്ടു പോകാൻ നന്നേ വിഷമിച്ചിരുന്നു, പറ്റിക്കപ്പെട്ടിരുന്നു. കച്ചവടതന്ത്രങ്ങൾ അറിയില്ലെന്നും നിങ്ങൾക്ക് ചേർന്നതല്ല ഈ മേഖലയെന്നും പലരും ആവർത്തിച്ചു ആവർത്തിച്ചു സൂചിപ്പിച്ചു. അവിടെ നിന്നും പതറാതെ പാഠങ്ങൾ ഒരുപാടു പഠിച്ചു.

കല എപ്പോഴും കടാക്ഷിക്കാത്ത ദിനങ്ങൾക്ക് കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ സ്വന്തം ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നലാണ് ഈ കടയുടെ പിറവി തന്നെ. ഇടപെടലുകൾ, സംസാരരീതികൾ, പ്രവൃത്തികൾ, സൗഹൃദം, സ്നേഹം ഇതുമാത്രം പുറത്തെടുത്തു മുന്നോട്ട് പോകുകയാണ് നിലനിൽപ്പിനു ആധാരം.

അല്ലേലും അങ്ങനെയേ ആകാവൂ, കാരണം പല സ്വഭാവക്കാരും സമ്പത്തിൽ ഏറിയും ഇറങ്ങിയും നിൽക്കുന്ന മനുഷ്യരും പദം പറഞ്ഞു കടം വാങ്ങുന്നവരും ഉടനേ തന്നേക്കാമെന്നു പറഞ്ഞു കടം വാങ്ങുന്നവരും പറ്റുകളിൽ കൃത്രിമത്വമുണ്ടെന്നു പറഞ്ഞു പണം കുറയ്ക്കുന്നവരും നീണ്ട നാൾ കടം പറഞ്ഞു പോകുന്നവരും സാധനങ്ങൾക്ക് കൃത്യം പണം തരുന്നവരും അങ്ങനെ വാങ്ങലുകാർ പല വിധം.

ഈ വിഷുദിനത്തിൽ ഉച്ചയായപ്പോൾ ഒരു ചേച്ചി വന്നു. ഒരു കിലോ അരി വാങ്ങി. ഇനി കറിക്കുള്ളത് നോക്കണം എന്നു പറഞ്ഞപ്പോൾ ഞാനനുഭവിച്ച വേദനയും അവരുടെ നിസ്സഹായവസ്ഥയും മനസ്സിൽ നിന്നും മായുന്നില്ല. എന്റെ ഈ കുഞ്ഞു കടയിൽ ആവശ്യത്തിന് ഉള്ളത് ചേച്ചിക്ക് എടുക്കാം, പണം പിന്നീടെന്നു പറഞ്ഞിട്ടും കടം കിടന്നാൽ ബാധ്യതയാകുമെന്നും പറഞ്ഞു ആ അരിയുമായി നടന്നുപോയി. ഇങ്ങനെയും ഉണ്ട് ചില മനുഷ്യർ.

Vijayasree Vijayasree :