കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ…

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബെം​ഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബംഗളൂരുവിലെ സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് നിന്നാണ് രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരിയാണ്. ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്‌ളീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുകയും

ചെയ്‌തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഴുക്കുചാലിൽ കിടന്നിരുന്ന മൃതദേഹം തെരുവുപട്ടികൾ കടിച്ചുവലിക്കുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗർ സ്വദേശികളായ മൂന്ന് പേർ തിങ്കളാഴ്ച പോലീസിന് മുന്നിൽ കീഴടങ്ങിയതായി സൂചനയുണ്ട്.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മൂവരും പറഞ്ഞു. പോലീസിൻ്റെ ക്രോസ് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തിയത്.
നടൻ ദർശൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്.

Athira A :