ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം; നേഹ ഹിരേമത്തിന്റെ മരണത്തില്‍ പ്രതികരണവുമായി കന്നഡ താരങ്ങള്‍!

കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ ഹിരേമത്തിനെ സഹപാഠി കഴുത്തറുത്ത് കൊ ലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം കത്തുന്നു. സംഭവത്തില്‍ വിവിധ സന്യാസി മഠങ്ങളിലെ സന്യാസി വര്യന്‍മാരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് കന്നട സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, ശിവരാജ് കുമാര്‍, ധ്രുവ സര്‍ജ, നടി രചിത റാം, ദര്‍ശന്‍, രക്ഷിത് ഷെട്ടി എന്നിവര്‍ തങ്ങളുടെ പ്രതികരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ഇനി ഉണ്ടാകരുത്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ ദുഃഖം കാണാനാകില്ല. നേഹ ഹിരേമത്തിന്റെ മരണത്തില്‍ നമ്മുടെ സര്‍ക്കാരും നീതിന്യായ സംവിധാനവും പൊലീസും എത്രയും വേഗം നീതി ലഭ്യമാക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്ന് നടന്‍ ശിവരാജ് കുമാര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

നേഹ ഹിരേമത്തിന്റെ കൊലപാതകം മനുഷ്യത്വരഹിതമാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി നേഹയുടെ കുടുംബത്തിന് ദൈവം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുയെന്നായിരുന്നു നടന്‍ ഋഷഭ് ഷെട്ടി എക്‌സില്‍ പങ്കുവച്ച കുറിപ്പ്.

കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നടന്‍ രക്ഷിത് ഷെട്ടിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നേഹയ്ക്ക് നീതി തേടി നടന്‍ ഋഷഭ് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും രക്ഷിത് ചേര്‍ത്തിരുന്നു.

സര്‍ക്കാരിനോട് എന്റെ അഭ്യര്‍ത്ഥന! രാഷ്ട്രീയ കൊലപാതമായി ഈ വിഷയത്തെ കാണരുത്. നേഹയ്ക്ക് നീതി ലഭിക്കണം. ഇവിടെ ജാതിയും മതവും നോക്കി വേര്‍തിരിവുകളും പാടില്ല, നമ്മളെല്ലാവരും മനുഷ്യരാണ്. എന്നായിരുന്നു സംഭവത്തില്‍ പ്രതികരിച്ച് നടി രചിത റാം പങ്കുവച്ച കുറിപ്പ്.

പ്രണയത്തിന്റെ പേരില്‍ ഇത്തരത്തില്‍ ഒരു മനുഷ്യത്വരഹിതമായ ക്രൂ രത ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പ്രതിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം. നേഹാ ഹിരേമത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം തന്റെ കുടുംബത്തിന് നല്‍കട്ടെ നല്‍കട്ടെയെന്നായിരുന്നു നടന്‍ ദര്‍ശന്റെ കുറിപ്പ്.

സഹോദരി നേഹ ഹിരേമത്തിന്റെ കൊ ലപാതകം അത്യന്തം ഹീനമായ പ്രവൃത്തിയാണ്. കാമ്പസിനുള്ളില്‍ വച്ച് നടന്ന ഇത്തരത്തിലൊരു സംഭവം എല്ലാവരെയും ഭയപ്പെടുത്തുന്നതായിരുന്നു. സര്‍ക്കാര്‍ ഈ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി വിധി പറയണമെന്നും എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തി കുറ്റവാളിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്ന് നടന്‍ ധ്രുവ സര്‍ജയും പ്രതികരിച്ചു.

Vijayasree Vijayasree :