കന്നഡ അറിയാത്തതിന്റെ പേരില്‍ ബംഗളൂരു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അപമാനിച്ചു; ആരോപണവുമായി നടന്‍

കന്നഡ അറിയാത്തതിന്റെ പേരില്‍ ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന് നടനും നര്‍ത്തകനുമായ സല്‍മാന്‍ യൂസഫ് ഖാന്‍. ബംഗളൂരുവില്‍ ജനിച്ചിട്ടും കന്നഡ അറിയില്ലേ, ഇല്ലെങ്കില്‍ തന്നെ സംശയിക്കേണ്ടി വരും എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ തന്നെ അപമാനിച്ചത് എന്നാണ് സല്‍മാന്‍ പറയുന്നത്.

സല്‍മാന്‍ യൂസഫ് ഖാന്റെ വാക്കുകള്‍:

ബംഗളൂരുവിലാണ് ജനിച്ചതെങ്കിലും കന്നഡ സംസാരിക്കാനറിയാവുന്ന ഒരാളായിട്ടല്ല പിറന്നതെന്ന് ഞാന്‍ മറുപടി നല്‍കി. സൗദിയിലാണ് ഞാന്‍ വളര്‍ന്നതും പഠിച്ചതും. ഭാഷ എന്ന രീതിയില്‍ കന്നഡ പഠിച്ചിട്ടില്ല. കാരണം സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരിക്കലും ഞാന്‍ ഇന്ത്യയില്‍ ചെലവഴിച്ചിട്ടില്ല. കന്നഡയില്‍ സുഹൃത്തുക്കള്‍ സംസാരിക്കുന്നത് കേട്ടുള്ള പരിചയം മാത്രമേ ഉള്ളൂ.

ഇതു പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ എന്നെ സംശയിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. രാഷ്ട്രഭാഷ ഹിന്ദിയാണെന്നും മാതൃഭാഷ ഹിന്ദിയാണെന്നും കന്നഡ അറിഞ്ഞിരിക്കേണ്ട ആവശ്യകത എന്താണെന്നും ഞാന്‍ ചോദിച്ചു. എന്നെ സംശയിക്കുന്നത് എന്തിനെന്നും ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ അല്‍പം അടങ്ങി. പക്ഷേ തലതാഴ്ത്തി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഈ സംഭവം വിമാനത്താവള അധികൃതരുടെ അടുത്ത് പരാതിപ്പെട്ടപ്പോള്‍ സഹായിച്ചില്ല. ബംഗളൂരില്‍ ജനിച്ചയാളെന്ന നിലയില്‍ അഭിമാനിക്കുന്നയാളാണ് താന്‍. വിമാനത്താവളത്തില്‍ നേരിട്ട അനുഭവം ഉള്‍ക്കൊള്ളാനാവുന്നില്ല. പ്രാദേശികഭാഷകള്‍ പഠിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ ഒരു ഭാഷ അറിയില്ല എന്നതിന്റെ പേരില്‍ നിന്ദിക്കരുത്.

Vijayasree Vijayasree :