ഇത്രയും നാൾ ഞാൻ നിശബ്ദയായി നിന്നു; ആളുകൾക്ക് സത്യം തെളിയാൻ സമയം നൽകി; തുറന്ന് പറഞ്ഞ് കനിക കപൂർ

ലണ്ടനിൽ നിന്നു തിരിച്ചെത്തിയ ശേഷം പാർട്ടി നടത്തിയിട്ടില്ലെന്നും ആർക്കും രോ​ഗം പടർത്തിയിട്ടില്ലെന്നും വ്യക്തമാക്കി കോവിഡ് ബാധിതയായിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ.

താൻ ഇന്ത്യയിലേക്ക് തിരിച്ച് വന്ന സമയത്ത് യാത്ര ഉപദേശക സമിതി നിലവിൽ വന്നിരുന്നില്ലെന്നും ക്വാറന്റൈനിൽ പോവാൻ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും കനിക ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ആറാമത് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്നാണ് കനിക ആശുപത്രി വിട്ടത് . അഞ്ച് തവണ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു ഐസൊലേഷനില്‍ കഴിയാനാണ് ഇപ്പോൾ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 20നാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസില്‍ കനികയെ പ്രവേശിപ്പിച്ചത്.

കനിക കപൂർ പങ്കുവച്ച കുറിപ്പ്

ഇന്ന് എന്നെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതില്‍ പലതും ആളിക്കത്താന്‍ എന്‍റെ മൗനവും ഒരു കാരണമായിട്ടുണ്ട്. ഇത്രയും നാൾ ഞാൻ നിശബ്ദയായിരുന്നത് എന്റെ ഭാഗത്ത് തെറ്റ് ഉള്ളതു കൊണ്ടല്ല. മറിച്ച് പല തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളുടെ കൈമാറ്റവും നടന്നിട്ടുണ്ടെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്. സത്യം തെളിയാനും ആളുകള്‍ക്ക് സ്വയം ബോധ്യം വരാനുമുള്ള സമയം അനുവദിക്കുകയായിരുന്നു ഞാന്‍. ഈ പരീക്ഷണ ഘട്ടങ്ങളിൽ എല്ലാ വിധ പിന്തുണയും നൽകി എനിക്കൊപ്പം നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു.

എനിക്ക് ചില സത്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. ഞാൻ ഇപ്പോൾ ലഖ്നൗവിൽ എന്റെ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ്.

ലണ്ടനിലും മുംബൈയിലും ലഖ്നൗവിലും വച്ച് ഞാൻ സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.. എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. യു.കെയില്‍ നിന്ന് മാർച്ച് 10–നാണ് ഞാൻ മുംബൈയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയയായിരുന്നു. സ്വയം ക്വാറന്‍റൈനില്‍ പോകണമെന്ന് നിഷ്കര്‍ഷിക്കുന്ന യാത്രാ ഉപദേശകസമിതി ആ സമയത്ത് നിലവിൽ വന്നിരുന്നില്ല. (മാര്‍ച്ച് 18 നാണ് യുകെ യാത്രാ ഉപദേശക സമിതി നിലവില്‍ വന്നത്) രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ക്വാറന്റീനിൽ കഴിയാതിരുന്നത്. മാര്‍ച്ച് 11 -ന് ഞാന്‍ എന്റെ കുടുംബാംഗങ്ങളെ കാണാൻ വേണ്ടി ലഖ്നൗവിലെത്തി.ആഭ്യന്തര വിമാന സര്‍വീസിലും സ്ക്രീനിങ്ങ് ഉണ്ടായിരുന്നില്ല. മാർച്ച് 13, 14 തിയതികളിൽ സുഹൃത്തിന്റെ വിരുന്നിൽ പങ്കെടുത്തു.ഞാൻ ആർക്കു വേണ്ടിയും പാർട്ടി നടത്തിയിട്ടില്ല.. പൂർണ ആരോഗ്യവതിയായിരുന്നു ഞാൻ.

മാർച്ച് 17 നും 18 നും രോഗലക്ഷണങ്ങൾ കണ്ടു. പിറ്റേ ദിവസം കോവിഡ് പരിശോധനയ്ക്കു വിധേയയായി. ഇരുപതാം തിയതി പരിശോധനാഫലം പോസിറ്റീവ് ആയി. അങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മൂന്ന് തവണ പരിശോധിച്ചപ്പോഴും നെഗറ്റീവ് ഫലം കണ്ടതിനു ശേഷമാണ് ആശുപത്രി വിട്ടത്. ഇപ്പോൾ വീട്ടില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറന്റീനിൽ ആണ് ഞാൻ.

ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകരോടു പ്രത്യേകമായ നന്ദി അറിയിക്കുകയാണ്. വളരെ വൈകാരികമായ സമയത്ത് അവർ മികച്ച രീതിയിലാണ് എന്നെ പരിചരിച്ചത്. സത്യസന്ധത കൊണ്ടും അവബോധം കൊണ്ടും ഇത്തരം പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കാൻ എല്ലാവർക്കും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു വ്യക്തിക്കു നേരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഒരിക്കലും യാഥാർഥ്യത്തെ മാറ്റിയെഴുതില്ല ’. കനിക കുറിച്ചു

KANIKA KAPOOR

Noora T Noora T :