സിനിമ കണ്ട് എട്ട് മിനിറ്റോളം എഴുന്നേറ്റു നിന്ന് കയ്യടിച്ച് കാണികള്‍; കാന്‍ ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും!

മലയാള സിനിമയ്ക്ക് അഭിമാനമായി കാന്‍ ചലച്ചിത്ര വേദിയില്‍ കനി കുസൃതിയും ദിവ്യ പ്രഭയും. ഇരുവരും പ്രധാന വേഷത്തിലെത്തിയ പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവരും കാനില്‍ എത്തിയത്.

ചിത്രത്തിന്റെ ക്രൂ ഒന്നാകെ വന്‍ ആഘോഷമായാണ് കാനില്‍ എത്തിയത്. പായല്‍ കപാഡിയയ്‌ക്കൊപ്പം എത്തിയ കനിയും ദിവ്യയും യുവതാരം ഹ്രിദ്ധു ഹാറൂണും ഉള്‍പ്പടെയുള്ളവര്‍ ഡാന്‍സ് കളിച്ചുകൊണ്ട് റെഡ് കാര്‍പ്പറ്റ് കീഴടക്കുകയായിരുന്നു.

കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും നേടി. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്.

തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്ന് പായല്‍ കപാഡിയ പറയുന്നു. ഇതിലെ ഓരോരുത്തരും കുടുംബം പോലെയാണെന്നും ആ സ്‌നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും സംവിധായിക പറഞ്ഞു.

ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലായിരുന്നു പ്രീമിയര്‍ സംഘടിപ്പിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവര്‍ത്തകരും നിരൂപകരും അഭിപ്രായപ്പെടുന്നത്.

കനി കുസൃതിയേയും ദിവ്യ പ്രഭയേയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. രാധിക ആപ്‌തെ, ആഷിഖ് അബു, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയ നിരവധി താരങ്ങളും പ്രശസയുമായി എത്തി. ‘കാന്‍ വേദിയിലെ മലയാളി പെണ്‍ കുട്ടികള്‍. പെണ്ണുങ്ങള്‍ സിനിമയില്‍ ഇല്ല എന്ന വിഷമം തീരട്ടെ.’ എന്നായിരുന്നു ശീതള്‍ ശ്യാം കുറിച്ചത്.

Vijayasree Vijayasree :