പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണാവത്ത്. “മോദി അത് കേട്ടു, #ഓപ്പറേഷൻസിന്ദൂർ.” എന്ന തലകെട്ടോടെയാണ് കങ്കണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പഹൽഗാം ആക്രമണത്തിൽ ഒരു ഭീകരൻ കർണാടക സ്വദേശിയായ മഞ്ജുനാഥിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയോട് നിങ്ങളെ വെറുതെവിടുന്നത് മോദിയോട് പറയാനാണെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു കങ്കണയുടെ പോസ്റ്റ്. മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയുടെ സംഭാഷണവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ശകലവും കലർന്നതാണ് വീഡിയോ.
ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീ കരകേന്ദ്രങ്ങൾ ആണ് ആക്രമിച്ചത്. പഹൽഗാം ഭീ കരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്.
കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തു.
തുടർന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്താൻ പലതവണ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മുന്നിൽ അതെല്ലാം നിഷ്ഫലമായി. ശനിയാഴ്ചയാണ് പാകിസ്താനുമായുള്ള വെടിനിർത്തലിന് ധാരണയായതായി ഇന്ത്യ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിർത്തൽ നിലവിൽ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.