പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും മണ്ഡി എംപിയും ആയ കങ്കണ റണാവത്ത്. ഇപ്പോഴിതാ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ആൾതാമസമില്ലാത്ത വീട്ടിൽ ഒരുലക്ഷം രൂപയാണ് കറന്റ് ബിൽ ലഭിച്ചതെന്നാണ് നടിയുടെ വിമർശനം.
‘ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബിൽ. ഞാനിപ്പോൾ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബിൽ കണ്ട് എന്താണ് നടക്കുന്നതെന്നോർത്ത് എനിക്ക് ലജ്ജ തോന്നി എന്നാണ് കങ്കണ പറഞ്ഞത്.
സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാൻ ബിജെപി പ്രവർത്തകരോട് കങ്കണ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവർത്തകരോട് അതിന് വേണ്ടി പ്രവർത്തിക്കാൻ കങ്കണ ആഹ്വാനംചെയ്തു. ചെന്നായ്ക്കളുടെ പിടിയിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
അതേസമയം, എമർജൻസി എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയത്. അടിയന്തരാവസ്ഥ കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. സഞ്ജയ് ഗാന്ധിയായി വിശാഖ് നായരും, ജയപ്രകാശ് നാരായണനായി അനുപം ഖേറും, അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡെയും, ജഗ്ജീവൻ റാമായി സതീഷ് കൗശിക്കും, ഫീൽഡ് മാർഷൽ സാം മനേക്ഷായായി മിലിന്ദ് സോമനും ചിത്രത്തിൽ അഭിനയിക്കുന്നു.
മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019) എന്ന ചിത്രത്തിലൂടെയാണ് നടി സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമർജൻസി.