ബോളിവുഡിലെ വമ്പന്മാര്‍ ഡാര്‍ക്ക് വെബ്ബിലുണ്ട്, അവര്‍ മറ്റുള്ളവരുടെ സ്വകാര്യത ചോര്‍ത്തുന്നു; കങ്കണ റണാവത്ത്

ബോളിവുഡില്‍ തന്റേതായ അഭിപ്രായങ്ങള്‍ എവിടെയും വെട്ടി തുറന്ന് പറയാറുള്ള നടിയാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ കങ്കണ സംവിധാനം ചെയ്ത് മുഖ്യവേഷത്തിലഭിനയിക്കുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. എന്നാല്‍ കങ്കണ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി കണ്ട് ഞെട്ടിയിരിക്കുകയാണ് ഫോളോവര്‍മാര്‍.

ബോളിവുഡിലെ ചില പ്രമുഖര്‍ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോര്‍ത്തിയെടുക്കുന്നു എന്നാണ് കങ്കണയുടെ സ്‌റ്റോറിയുടെ ഉള്ളടക്കം. ഫോണുകളില്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ രാജ്യത്ത് നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തട്ടിപ്പ് കോളുകള്‍ തടയുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ രൂക്ഷമായ ഭാഷയില്‍ ആരോപണങ്ങളുന്നയിച്ചത്. ഡാര്‍ക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു. പല ജനപ്രിയ സിനിമാ പ്രവര്‍ത്തകരും ഡാര്‍ക്ക് വെബ്ബിലുണ്ട്.

അവിടെ നിന്ന് നിയമവിരുദ്ധമായ പലകാര്യങ്ങളും ചെയ്യുന്നു. കൂടാതെ മറ്റുള്ളവരുടെ വാട്ട്‌സ്ആപ്പ്, മെയിലുകള്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അവരെ പൊളിച്ചടുക്കിയാല്‍ പല വമ്പന്‍മാരും വെളിപ്പെടുമെന്നും കങ്കണ കുറിച്ചു.

നിലവില്‍ താന്‍ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണതന്നെയാണ്. മുന്‍ പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംവിധായകന്‍ വിജയ് ഒരുക്കുന്ന മാധവന്‍ നായകനാവുന്ന ചിത്രവും കങ്കണയുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്.

Vijayasree Vijayasree :