രണ്ട് മാസത്തിനിടെ ഉലകനായകന്റെ മാത്രം നാല് സിനിമകള്‍; കോളിവുഡ് ഇളക്കി മറിക്കാന്‍ ‘ഗുണ’ വീണ്ടും എത്തുന്നു

ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളാണ് റീറിലീസ് ചെയ്തത്. മലയാളത്തിനേക്കാളുപരി തമിഴിലാണ് ഇപ്പോള്‍ കുടുതലും റീറിലീസുകള്‍ നടക്കുന്നത് പുതിയ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയിക്കാത്തതാണ് പഴയ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യാന്‍ കാരണമെന്ന് പലതരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സിനിമാപ്രേമികള്‍ റീറിലീസ് കാത്തിരിക്കുന്നുണ്ട്. അതിനുത്തമ ഉദാഹരണമാണ് ഈ സിനിമകള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പ്.

കമല്‍ ഹാസന്‍ ചിത്രങ്ങളുടെ റീ റിലീസാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് സിനിമകളാണ് കമല്‍ ഹാസന്റേതായി വീണ്ടും റിലീസ് ചെയ്തത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഗുണ’യും റീറിലീസിനൊരുങ്ങികയാണ്. 1991ല്‍ കമല്‍ ഹാസനും റോഷിനിയും പ്രധാന താരങ്ങളായ സൈക്കോളജിക്കല്‍ റൊമാന്റിക് ഡ്രാമയാണ് ഗുണ. ജൂണ്‍ 21ന് ഗുണ വീണ്ടും റിലീസ് ചെയ്യുമെന്നാണ് വിവരം.

മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് ശേഷം ഗുണ വീണ്ടും സിനിമ ലോകത്ത് ചര്‍ച്ചയായിരുന്നു. ഗുണ ചിത്രീകരിച്ചതിന് ശേഷമാണ് ഡെവിള്‍സ് കിച്ചന്‍ എന്ന ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത് തന്നെ.

അതേസമയം, 1996ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെ കള്‍ട്ട് ക്ലാസിക് ചിത്രം ‘ഇന്ത്യന്റെ’ സീക്വല്‍ ‘ഇന്ത്യന്‍ 2’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.

ശങ്കര്‍ സംവിധാനത്തിലൊരുങ്ങുന്ന സിനിമ അവസാന ഘട്ടത്തിലാണ്. ജൂലൈ 12നാണ് ഇന്ത്യന്‍ 2 പുറത്തെത്തുന്നത്.

മാത്രമല്ല, രാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കല്‍ക്കി 2898 എ ഡി’യില്‍ കമല്‍ ഹാസന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ജൂണ്‍ 27ന് ആണ് കല്‍ക്കിയുടെ റിലീസ്.

Vijayasree Vijayasree :