വലതുപക്ഷത്തു നിന്നും അകന്ന ഒരാളാണ് താന്‍ എന്നാല്‍ തന്റെ രാഷ്ട്രീയം ഇടതുപക്ഷമായിട്ടില്ല; ഹേ റാമിനുശേഷം നിര്‍മാതാക്കള്‍ തന്നെ അപകടകാരിയായി കാണാന്‍ തുടങ്ങിയെന്നും കമല്‍ഹാസന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ മടികാണിക്കാറില്ല. ഇപ്പോഴിതാ വലതുപക്ഷത്തു നിന്നും അകന്ന ഒരാളാണ് താനെന്ന് പറയുകയാണ് കമല്‍ഹാസന്‍. എന്നാല്‍, തന്റെ രാഷ്ട്രീയം ഇടതുപക്ഷമായിട്ടില്ലെന്നും മധ്യനിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ബാബരി മസ്ജിദ് തകര്‍ത്തത്.

രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിനെതിരായ തന്റെ കാഴ്ചപ്പാടുകള്‍ അതോടെയാണ് ഏറ്റവും ശക്തമായതെന്ന് കമല്‍ പറഞ്ഞു. മതം ഉപയോഗിച്ചാണ് മനുഷ്യരെ കൂട്ടത്തോടെ മയക്കുന്ന ഇന്നത്തെ അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുചെന്നതല്ലെന്നും രാഷ്ട്രീയം തന്നിലേക്ക് കടന്നുവരുകയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫൈന്‍ഡിംഗ് മൈ പൊളിറ്റിക്‌സ് ‘എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ജനങ്ങള്‍ ആശ്വസം നേടാന്‍ ആശ്രയിക്കുന്ന ഒന്നാണ് മതം. നിങ്ങള്‍ക്ക് ഒരു മതം തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാതിരിക്കാം, നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കമല്‍ ഹാസന്‍.

ഞാന്‍ ആരെയും ഒന്നിനെയും സഹിക്കുന്നില്ല, പക്ഷേ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വായനയിലൂടെയും പത്രങ്ങളിലൂടെയും എഡിറ്റോറിയലിലൂടെയും ആണ് രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യം തോന്നിയതെന്ന് അദ്ദേഹം പറയുന്നു. തന്റെ ഹേയ് റാം എന്ന ചിത്രവും രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവിട്ടുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹേ റാമിനുശേഷം നിര്‍മാതാക്കള്‍ തന്നെ അപകടകാരിയായി കാണാന്‍ തുടങ്ങിയെന്നും അദേഹം പറഞ്ഞു. ജനാധിപത്യവും പൗരാവകാശങ്ങളും നിലവറയില്‍ സൂക്ഷിക്കാനാവില്ല. അതിനെ ജീവനോടെ നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കുക അതിന് ശ്വാസം നല്‍കുക. ഞാന്‍ എന്റെ രാഷ്ട്രീയം കണ്ടെത്തി, നിങ്ങള്‍ നിങ്ങളുടേത് കണ്ടെത്തൂ, നമുക്ക് ഒരു ഏകീകൃത ഇന്ത്യ സൃഷ്ടിക്കാമെന്നും അദേഹം പറഞ്ഞു.

Vijayasree Vijayasree :