‘ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം’; കമല്‍ഹസന്റെ കത്തുമായി റിഷഭ് ഷെട്ടി

കന്നഡയില്‍ നിന്നും പുറത്തെത്തി ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാന്താരയെ പ്രശംസിച്ച് കൊണ്ട് കത്തെഴുതിയിരിക്കുകയാണ് കമല്‍ഹാസന്‍.

ഋഷഭ് ഷെട്ടി തന്നെയാണ് കമല്‍ഹാസന്റെ കത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം. എല്ലാം അപ്രതീക്ഷിതമായിരുന്നു. വിലയേറിയ സമ്മാനത്തിന് ഒരുപാട് നന്ദി’, എന്നായിരുന്നു ഋഷഭ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കമല്‍ഹസന്റെ കത്തില്‍ പറയുന്നത് ഇങ്ങനെയായിരുന്നു;

‘കാന്താര പോലൊരു സിനിമ എല്ലാക്കാലവും മനസില്‍ തങ്ങി നില്‍ക്കും, മനസിനെ കൂടുതല്‍ ഉന്മേഷഭരിതമാക്കും. ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എങ്കിലും ഈശ്വരസാന്നിധ്യം അനിവാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. സ്ത്രീകള്‍ക്ക് മേധാവിത്വം കല്‍പിക്കുന്ന ദ്രാവിഡ സമൂഹമാണ് നമ്മുടേത്.

കാന്താരയുടെ അവസാന ഭാഗത്ത് പുരുഷ സവിശേഷതകള്‍ക്ക് ഉപരിയായി ദൈവം ഒരു അമ്മയെ പോലെ പെരുമാറുന്നുണ്ട്’, എന്ന് കമല്‍ഹാസന്‍ കുറിക്കുന്നു. മിക്ക ഐതിഹ്യങ്ങളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്ര സഹാനുഭൂതി ഈശ്വരന്‍മാരില്‍ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് കാന്താര ഓസ്‌കാര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, റോക്കട്രി, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സിനിമകളാണ്.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച കാന്താര 2022 സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്തത്. കന്നഡയില്‍ റിലീസ് ചെയ്ത ചിത്രം വന്‍ ജനശ്രദ്ധനേടുകയും മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യുകയും ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കാന്താര കേരളത്തില്‍ എത്തിച്ചത്. കാന്താര 2 ഉണ്ടാകുമെന്ന് അടുത്തിടെ ഋഷഭ് അറിയിച്ചിരുന്നു.

Vijayasree Vijayasree :