തെന്നിന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ചിത്ത്രതിന്റെ പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു മുംബൈയില്‍ നടന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ വേളയില്‍ കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു സിനിമാ സാങ്കേതിക വിദഗ്ധനില്‍ നിന്നും അഭിനേതാവിലേക്കുള്ള യാത്രയിലെ സൗഭാഗ്യം പങ്ക് വയ്ക്കുകയായിരുന്നു നടന്‍. ടെക്‌നീഷ്യന്‍ ആയിരുന്നിട്ടു കൂടി ഷോലെ തീയേറ്ററില്‍ സിനിമ കാണാന്‍ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നുവെന്ന് കമല്‍ പറഞ്ഞു.
ചിത്രത്തില്‍ പ്രതിനായക വേഷമാണ് കമല്‍ ഹാസന്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ചരിത്രം കുറിച്ചുകൊണ്ടാണ് കല്‍ക്കിയുടെ വരവ്. കോമിക് കോണ്‍ സാന്‍ ഡിയാഗോയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസന്റ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമയും ഈ ചിത്രമാണ്.
ഗര്‍ഭിണിയായ ദീപിക വേദിയില്‍ നിന്നിറങ്ങുമ്പോള്‍ സഹായിക്കാന്‍ ഓടിയെത്തിയ പ്രഭാസിന്റെയും അമിതാഭ് ബച്ചന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈ പിടിച്ചു കയറ്റിയത് അമിതാഭ് ബച്ചനായിരുന്നു.
അതേസമയം, ഈ മാസം 27 നാണ് കല്‍ക്കി തിയറ്ററുകളിലെത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോള്‍ പത്മയായി ദീപികയുമെത്തുന്നു. 2015 ല്‍ പുറത്തിറങ്ങിയ പിക്കു എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനൊപ്പം ദീപികയെത്തുന്ന ചിത്രം കൂടിയാണിത്.
ഇവരെക്കൂടാതെ കമല്‍ഹാസന്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക.
സാന്‍ ഡീഗോ കോമിക്‌കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.