അമ്മയിൽ അം​ഗമായി കമൽഹാസൻ; മെമ്പർഷിപ്പ് നൽകി സിദ്ദിഖ്

മലയാള സിനിമാ താര സംഘടനയായ അമ്മയിൽ അം​ഗമായി കമൽഹാസൻ. നടനും ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി ആണിത്. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.

‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് എന്നാണ് അമ്മയുടെ പേജിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, കമൽഹാസൻ-ശങ്കർ ചിത്രമായ ഇന്ത്യൻ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു താരം. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ 2 തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അമ്മയുടെ തിരഞ്ഞെടുപ്പ്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടേവള ബാബു ഇത്തവണ മത്സരിക്കുന്നില്ല എന്നതായിരുന്നു അമ്മയുടെ തിരഞ്ഞെടുപ്പിൻറെ പ്രത്യേകത.

Vijayasree Vijayasree :