ഭാവനയെ അത്തരത്തില്‍ അഭിനയിപ്പിച്ചത് എനിക്ക് പറ്റിയ അപരാധമായിരുന്നു, ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു; കമല്‍

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. ഇടയ്ക്ക് വെച്ച് മലയാളത്തില്‍ നിന്നും കുറച്ച് അകന്ന് നിന്നിരുന്ന താരത്തിന് ഇപ്പോള്‍ മലയാളത്തിലും കൈനിറയെ ചിത്രങ്ങളാണ്.

ഈ വേളയില്‍ നടിയുടെ ആദ്യ ചിത്രമായ നമ്മളിനെ കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നമ്മള്‍. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ഥ് ഭാരതന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും ആദ്യത്തെ ചിത്രം കൂടിയായിരുന്നു നമ്മള്‍.

ചിത്രത്തില്‍ പവിഴം എന്ന തമിഴ് പെണ്‍കുട്ടിയായിട്ടായിരുന്നു ഭാവന അഭിനയിച്ചത്. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവറിലായിരുന്നു ഭാവന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഭാവനയെ അത്തരത്തില്‍ അഭിനയിപ്പിച്ചതിന് താന്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംവിധായകന്‍ കമല്‍ പറയുന്നു. സത്യത്തില്‍ അത് തനിക്ക് പറ്റിയ അപരാധമായിരുന്നുവെന്നും കമല്‍ പറഞ്ഞു.

പിന്നീട് സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ റോസിയെന്ന കഥാപാത്രത്തെ റിയലായി തന്നെ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ അടക്കം ചെയ്തിട്ടുള്ള ഒരു അപരാധമാണത്. ഇന്ന് ചിലര്‍ അത് ട്രോള്‍ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായി സിനിമയില്‍ വരുന്നത് ഞാന്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തില്‍ പരിമളം എന്ന തമിഴ് പെണ്‍കുട്ടിയായിട്ടാണ് ഭാവന അഭിനയിച്ചത്.

ആ പടത്തിനായി വെളുത്ത് തുടുത്ത് നല്ല സുന്ദരിയായ ഭാവനയെ ഞാന്‍ കറുപ്പൊക്കെ അടിപ്പിച്ച് അങ്ങനെ വേഷം കെട്ടിപ്പിച്ചാണ് അഭിനയിപ്പിച്ചത്. അതിന് ഒരുപാട് പഴി പോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് സെല്ലുലോയ്ഡിന്റെ ഷൂട്ടിന്റെ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു റിയലായിട്ട് നമുക്ക് തോന്നുന്ന രീതിയില്‍ റോയായിട്ട് വന്ന ഒരു പെണ്‍കുട്ടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന്. അത് അതിന്റെ ഒരു പ്രത്യേകതയായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു,’എന്നും കമല്‍ പറയുന്നു.

ഇപ്പോള്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഭാവനയെ പ്രേരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് ഭാവന സിനിമകള്‍ ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമാണ് ഭാവനയുടെ ഏറെയും സിനിമകള്‍ ഇറങ്ങുന്നത്. മലയാളത്തിലും കന്നഡയിലും ആക്ടീവാണെങ്കിലും തമിഴില്‍ ഭാവന ഇപ്പോള്‍ അഭിനയിക്കാറില്ല. സിനിമകള്‍ ചെയ്യാറില്ലെങ്കിലും തമിഴില്‍ ഭാവനയ്ക്കുള്ള ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല.ചിത്തിരം പേസുതടി സിനിമയിലൂടെയാണ് ഭാവന തമിഴിലേക്ക് അരങ്ങേറിയത്. പിന്നീട് ദീപാവലി അടക്കം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ ഭാവനയ്ക്ക് കഴിഞ്ഞു.

Vijayasree Vijayasree :