വിജയാഘോഷം അവസാനിച്ചിട്ടില്ല; ജയിലറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കി കലാനിധി മാരന്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രം ഇപ്പോള്‍ ഒടിടിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ് മേധാവി കലാനിധി മാരന്‍ ആണ് സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തത്. ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ഈ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിയില്‍ വിജയാഘോഷത്തിന്റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു.

തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും ടെക്‌നീഷ്യന്മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് പരിപാടി അവസാനിച്ചത്. അതേസമയം ജയിലര്‍ ബ്ലോക് ബസ്റ്റര്‍ വിജയം നേടിയതിന് പിന്നാലെ നെല്‍സണ്‍ ദിലീപ് കുമാര്‍, രജനികാന്ത്, അനിരുദ്ധ് തുടങ്ങിയവര്‍ക്ക് ലാഭ വിഹിതത്തില്‍ ഒരുപങ്കും കാറും നിര്‍മാതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമല്ല, അസരണരായവര്‍ക്ക് കൈത്താങ്ങ് ആകുകയാണ് നിര്‍മാതാവ് കലാനിധി മാരനും കുടുംബവും.

ബധിര മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍ എന്നിവിടങ്ങളില്‍ 38ലക്ഷം, ക്യാന്‍സര്‍ രോഗികള്‍ക്ക് 60ലക്ഷം, പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി എന്നിങ്ങനെ ഇതിനോടകം നിര്‍മാതാക്കള്‍ നല്‍കി കഴിഞ്ഞു. പുറത്തുവരാത്ത വേറെയും നിരവധി സഹായപ്രവര്‍ത്തനങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് ചെയ്തിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലര്‍ നിര്‍മാതാക്കളുടെ ഈ സത്പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ഓഗസ്റ്റ് 10നാണ് ജയിര്‍ റിലീസ് ചെയ്തത്. അന്ന് മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക നിരൂപക പ്രശംസകളും ചിത്രത്തിന് ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമായി 610 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 195 കോടിയാണ് ജയിലര്‍ നേടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുമാത്രം 100 കോടി നേടുന്ന ആദ്യ ചിത്രം എന്ന നേട്ടവും ജയിലറിന് ആണെന്നാണ് വിവരം. ചിത്രം സെപ്റ്റംബര്‍ 7മുതല്‍ ആമസോണ്‍ െ്രെപം വീഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങി.

Vijayasree Vijayasree :