നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 9 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ മണിയെ അനുസ്മരിക്കുകയാണ് സിനിമ പ്രേമികളും സഹപ്രവർത്തകരും. മണിയ്ക്ക് ഓർമപ്പൂക്കൾ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാേഹൻലാൽ കുറിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ആറാം തമ്പുരാൻ, നരസിംഗം, ബാലേട്ടൻ, നാട്ടുരാജാവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം കലാഭവൻ മണി പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. ഇന്നും മലയാള സിനിമയിലെ ഒട്ടുമിക്ക കലാകാരന്മാരും മണി ജീവിനോടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ്. മിമിക്രി വേദികളിൽ നിന്നാണ് മണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും സഹനടനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു. തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല. ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്.