വീടും പരിസരവും വെള്ളപ്പൊക്കത്തില്‍ മുങ്ങി, അയല്‍പക്കകാര്‍ക്ക് ഭക്ഷണവും മെഴുകുതിരികളും നല്‍കാന്‍ എത്തി കലാ മാസ്റ്റര്‍

മിഷോങ് ചുഴലിക്കാറ്റ് വരുത്തിയ പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുകയാണ് ചെന്നൈ നിവാസികള്‍. താരങ്ങളടക്കം പലരും ദുരിതത്തില്‍പ്പെട്ടു. ഇക്കൂട്ടത്തില്‍ പ്രളയത്തിന്റെ പ്രശ്‌നങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടുകയാണ് കൊറിയോഗ്രാഫര്‍ കലാമാസ്റ്ററും. കലാമാസ്റ്ററുടെ വീട്ടിലും അയല്‍വാസികളുടെ വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. എന്നാല്‍ ഈ സമയത്തും തന്റെ പ്രിയപ്പെട്ടവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് കലാമാസ്റ്റര്‍.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്റെ അയല്‍വാസികള്‍ക്ക് വള്ളത്തിലെത്തി രാത്രിയിലേക്കുള്ള ഭക്ഷണവും മെഴുക് തിരികളും നല്‍കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്. സംഭവത്തെ കുറിച്ച് കലാമാസ്റ്റര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

‘എന്റെ വീടും എന്റെ അയല്‍പക്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി, അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ക്ക് ഭക്ഷണമോ വൈദ്യുതിയോ ഒന്നും ലഭ്യമല്ല. അതുകൊണ്ട് എല്ലാവര്‍ക്കും അത്താഴവും മെഴുകുതിരികളും നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ എത്തിയത്. ഒപ്പം നിന്ന സുഹൃത്ത് ഗീതത്തിന് പ്രത്യേക നന്ദി, എല്ലാവര്‍ക്കും നല്‍കാനുള്ള ഭക്ഷണം അവരില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.’ എന്നായിരുന്നു കലാമാസ്റ്ററുടെ കുറിപ്പ്.

അതേസമയം പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ അജിത്തും സൂര്യയുമടക്കമുള്ള താരങ്ങളും ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കി മുന്നിട്ടെത്തിയിരുന്നു.

Vijayasree Vijayasree :