മലയാള സിനിമയിൽ നായകന്മാരെയും നായികമാരെയും പോലെ തന്നെ ഒരു സിനിമയിലെ പാട്ടും ഡാൻസുമൊക്കെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. തെണ്ണൂറുകളിൽ ചിട്ടപ്പെടുത്തിയ ഡാൻസും പാട്ടും ഇന്നത്തെ തലമുറയെ ഹരം കൊള്ളിക്കുന്നതാണ്. അന്നത്തെ ഹിറ്റ് ഡാൻസർ കലാ മാസ്റ്റർ ആണ്. മാത്രമല്ല അന്നത്തെ കാലഘട്ടത്തിൽ നൃത്തം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞിട്ടുള്ള നിരവധി സൂപ്പർ താരങ്ങളെ കൊണ്ടും എന്നും ഓർത്തിരിക്കുന്ന സ്റ്റെപ്പുകൾ ചെയ്യിപ്പിച്ചിട്ടുള്ള ആളാണ് കലാ മാസ്റ്റർ. ഇപ്പോഴിതാ
മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ചുള്ള സോങ് കൊറിയോഗ്രഫിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് കലാമാസ്റ്റർ.
മലയാളത്തിലെ ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണൻസ്. ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഡാൻസ് കളിക്കുന്ന പാട്ടുകളുണ്ട്. എന്നാൽ ഡാൻസ് ഒന്നും വേണ്ട എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, നമ്മൾ എന്ത് കളിക്കുന്നുവോ അതാണ് ഡാൻസ്. ‘മോഹൻലാൽ ഭയങ്കര ഡാൻസാണ്. ഞാൻ ജസ്റ്റ് പാട്ടിൽ നടക്കാം’ എന്ന് മമ്മൂക്ക പറഞ്ഞു. എന്നാൽ പിന്നീട്, പാട്ടിൽ അദ്ദേഹം ചെയ്ത സ്റ്റെപ്പുകൾ ഹിറ്റായി”.- കലാമാസ്റ്റർ പറഞ്ഞു.
അത്തരത്തിൽ മറ്റൊരു ഡാൻസ് കൊറിയോഗ്രാഫിയാണ് ‘കണ്ണാടി കൂടും കൂട്ടി’. ആ പാട്ടിൽ സുരേഷ് ഗോപി സർ ‘എനിക്ക് ഡാൻസ് വേണ്ട, ഞാൻ വെറുതെ നടക്കാം. ഈ പൊക്കം വച്ച് എങ്ങനെ ഡാൻസ് കളിക്കാനാണ്’ എന്നാണ് പറഞ്ഞത്.
പിന്നീട് എന്റെ നിർബന്ധത്തിൽ അദ്ദേഹം ഡാൻസ് ചെയ്തു. തല കുലുക്കിയാൽ മതിയെന്ന് ഞാൻ പറഞ്ഞു. അന്ന് അദ്ദേഹത്തിന് നൽകിയ ആ സ്റ്റെപ്പ് വളരെ ഫേമസ് ആയി”. കലാമാസ്റ്റർ പറയുന്നു.
അത് കൂടാതെ “മേഘം സിനിമയിൽ ഡാൻസ് ചെയ്യില്ലെന്ന് പറഞ്ഞ് ശ്രീനിവാസൻ എന്നോട് പിണങ്ങിയിരുന്നു. എന്നാൽ എന്റെ നിർബന്ധത്തിൽ അദ്ദേഹം കളിച്ചു. ഷൂട്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു. ശ്രീനിവാസനും മമ്മൂക്കയും നന്നായി ഡാൻസ് ചെയ്തു. എങ്കിലും ഡാൻസർ എന്ന് പറഞ്ഞാൽ മോഹൻലാലാണ് ബെസ്റ്റ്. എന്തു കൊടുത്താലും അത് ചെയ്യും. ചെയ്യില്ല മാസ്റ്റർ എന്ന് പറഞ്ഞിട്ടില്ല”-കലാമാസ്റ്റർ കൂട്ടിച്ചേർത്തു.