അവതാരകയോട് മോശമായി പെരുമാറിയ സംഭവം; വിശദീകരണവുമായി കൈലാഷ്

നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൈലാഷ്. നായകനായി അധികകാലം തിളങ്ങാനായില്ലെങ്കിലും സഹനടനായും വില്ലനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം താരം സജീവമാണ്. അടുത്തിടെ കൈലാഷ് നല്‍കിയ ഒരു അഭിമുഖം വളരെ വിവാദമായിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് വളരെ മോശമായാണ് കൈലാഷ് മറുപടി നല്‍കിയത്.

പിന്നാലെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയത്. പിന്നാലെ കൈലാഷിന് ട്രോളുകളും വന്‍ തോതില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. വേണമെന്ന് കരുതിയല്ല താന്‍ അവതാരകയോട് അത്തരത്തില്‍ പെരുമാറിയത്. അങ്ങനെ സംഭവിച്ച് പോയതാണെന്നും കൈലാഷ് പറയുന്നു.

‘അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തെ ഞാന്‍ ന്യായീകരിക്കുകയല്ല. സിനിമയില്‍ വന്നതിന് ശേഷം ഞാന്‍ 13 അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും കാലത്തിനിടെ എന്റെ ഒരു അഭിമുഖം മാത്രമാണ് ശ്രദ്ധേയമായത്. ഇത്രയും കാലം ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരെണ്ണം ചെയ്യാം, എന്നൊന്നും കരുതിയല്ല ഞാന്‍ മോശമായി പെരുമാറിയത്.

അപ്പോള്‍ അങ്ങനെ സംഭവിച്ച് പോയതാണ്. പിന്നീട് പരിപാടി കണ്ടപ്പോള്‍ എനിക്കും തോന്നി, അത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നെന്ന്. ആ സംഭവത്തിന് ശേഷം എനിക്ക് ഒരുപാട് ട്രോളും ചീത്തവിളികളും കേള്‍ക്കേണ്ടി വന്നു. എല്ലാവരും എന്നെ ഒരുപാട് ശിക്ഷിച്ചു. എല്ലാവരോടും നന്ദിയുണ്ട്. അത്രമാത്രമേ ഈ സംഭവത്തില്‍ എനിക്ക് പറയാനുള്ളൂ.

നടനാകാണമെന്ന് ആഗ്രഹിച്ച് വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ സിനിമയില്‍ എത്തിയത്. അതുകൊണ്ടുതന്നെ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ എത്ര പാടാണെന്ന് എനിക്കറിയാം. കുറച്ച് പണം സമ്പാദിക്കണം, പ്രശസ്തി നേടണം എന്നത് മാത്രമല്ല എന്റെ ആഗ്രഹം. സിനിമയോട് എനിക്ക് അതിനുമപ്പുറത്തേയ്ക്ക് ഒരു ഇഷ്ടമുണ്ട്. പിന്നെ, എന്നെ വച്ച് ട്രോളുന്നവരും ഞാന്‍ കാരണം ജീവിച്ചു പോകുന്നുണ്ടല്ലോ എന്നും കൈലാഷ് പറഞ്ഞു.

Vijayasree Vijayasree :