സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ച് 24 ദിവസങ്ങള്‍…, ഭാര്യ ജയലക്ഷ്മിയും വിടവാങ്ങി

വിഖ്യാത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ച് 24 ദിവസങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഭാര്യ ജയലക്ഷ്മി (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നാണ് അന്ത്യം. ശാരീരികമായ അസ്വസ്ഥതകളേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേരാണ് ജയലക്ഷ്മിയ്ക്ക് ആദരാഞ്ജലികളുമായി എത്തിയത്. ജയലക്ഷ്മിയുടെ അസുഖവിവരമറിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്മാരായ ചിരഞ്ജീവി, പവന്‍ കല്യാണ്‍ എന്നിവര്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവരാണ് വിശ്വനാഥിന്റെയും ജയലക്ഷ്മിയുടേയും മക്കള്‍.

വാണിജ്യചിത്രങ്ങള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തില്‍ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ് കെ. വിശ്വനാഥ്. അമ്പതില്‍പ്പരംചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

1992ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി ആദരിച്ചു. തെലുങ്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പെഡപുലിവാറുവില്‍ കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930ലാണ് വിശ്വനാഥ് ജനിച്ചത്.

Vijayasree Vijayasree :