ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍…., കാന്താര പോലെ ഉജ്ജ്വലം; കുറിപ്പുമായി കെ സുരേന്ദ്രന്‍

കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ തിയേറ്ററിലെത്തിയത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ അനുഭവമാണ് മാളികപ്പുറം സമ്മാനിച്ചതെന്ന് സുരേന്ദ്രന്‍ കുറിച്ചു.

കെ സുരേന്ദ്രന്റെ കുറിപ്പ്:

മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍. ഏതൊരു അയ്യപ്പഭക്തനെയും കണ്ണുനിറയ്ക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.

‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസ്സുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്.

കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Vijayasree Vijayasree :