മലയാള സിനിമയ്ക്ക് തീരാ നഷ്ടം; കെ.ജി ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രന്‍

പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനായിരുന്നു കെ.ജി ജോര്‍ജ്. സംസ്ഥാനദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമാ മേഖലയില്‍ വേറിട്ട പാത തുറന്ന പ്രതിഭയാണ്.

കെ.ജി ജോര്‍ജിന്റെ ‘പഞ്ചവടിപാലം’ സമകാലീന സാഹചര്യത്തിലും പ്രസക്തമാണ്. സ്വപ്നാടനവും യവനികയും ആദാമിന്റെ വാരിയെല്ലും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. കെ.ജി ജോര്‍ജിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കലാ ആസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു കെ.ജി ജോര്‍ജിന്റെ അന്ത്യം. 77 വയസായിരുന്നു. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് 9 സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015 ല്‍ ജെ.സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Vijayasree Vijayasree :