ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന ഒന്നും അനുവദിക്കരുത്; കെ മുരളീധരന്‍

ദി കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കവെ വിഷയത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം പി രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന ഒന്നും അനുവദിക്കരുതെന്ന് മുരളീധരന്‍ വ്യക്തമാക്കി. ദി കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനൊപ്പം തന്നെ കക്കുകളി നാടകവും അനുവദിക്കരുതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. അതേസമയം മലപ്പുറം: ‘ദി കേരള സ്‌റ്റോറി’ സിനിമക്കെതിരെ യൂത്ത് ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് പറഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍, ഇതുമായി തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്നും പ്രഖ്യാപിച്ചു.

ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ് ഇക്കൂട്ടരെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

അതിനിടെ ‘ദ കേരള സ്‌റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍ രംഗത്തെത്തി. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തില്‍ നിന്നും ഐഎസില്‍ പോയവരുടെ എണ്ണമെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു.

സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളെ മതം മാറ്റി ഐഎസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ ആശങ്കയുണ്ടായെന്നും പ്രത്യേകിച്ച് വടക്കന്‍ കേരളത്തിന്റെ കാര്യത്തിലെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

Vijayasree Vijayasree :