ജൂനിയർ ശിവമണി അ ന്തരിച്ചു

ജൂനിയർ ശിവമണി എന്നറിയപ്പെടുന്ന പ്രശസ്ത ഡ്രമ്മർ ജിനോ കെ ജോസ്(47) അ ന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സംഭവിച്ചത്. നാളുകളായി വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ജിനോ.

ശിവമണിക്കൊപ്പം നടത്തിയ പ്രകടനമാണ് ജിനോയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയർ ശിവമണി എന്ന് പേര് നൽകിയത്. അസാമാന്യ കൈവേഗതയോടെ ഡ്രം കൈകാര്യം ചെയ്തിരുന്ന ജിനോ, ഡിജെയായും ശോഭിച്ചിരുന്നു. ശിവമണി കേരളത്തിൽ പരിപാടിക്ക് എത്തുമ്പോൾ ഡ്രം സെറ്റ് ഒരുക്കിയിരുന്നു.

33 വ്യത്യസ്ത സംഗീതോപകരണങ്ങൾ വേദിയിൽ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ പറവൂരിനടുത്ത് കൂട്ടുകാട് കിഴക്കേമാട്ടുമ്മേൽ കുടുംബത്തിൽ ജനിച്ച ജിനോ കുട്ടിയായിരിക്കുമ്പോൾ വീട്ടിലെ പാത്രങ്ങളിലും ഗ്ലാസ്സുകളിൽ നിന്നുമാണ് ആദ്യമായി സംഗീത്തിന്റെ സ്വരം പുറത്തു കേൾപ്പിച്ചത്. മുന്നിൽ കാണുന്നതെല്ലാം ജിനോയ്ക്ക് സംഗീതോപകരണമായി മാറുകയായിരുന്നു.

പിന്നീട് ജോലിക്കായി മുംബൈയിലെത്തിയപ്പോഴാണ് ഡ്രം വായന ഗൗരവമായെടുക്കുന്നതും വേദികളിൽ നിറഞ്ഞാടാൻ തുടങ്ങുന്നതും. നാട്ടിലെ ഗാനമേളകൾക്കിടയിൽ ജിനോയുടെ ഏകാംഗപ്രകടനത്തിനായി കാണികൾ ആവശ്യപ്പെടാൻ തുടങ്ങി. വേദികളിൽ പുതുമകൾ കൊണ്ടുവരാൻ ജിനോ എന്നും ശ്രമിച്ചിരുന്നു.

ഡ്രം സ്റ്റിക്കുകളുടെ അഗ്രഭാഗത്തു തീ കത്തിച്ചു ഡ്രം വായിച്ച ജിനോ ആസ്വാദകരിലേക്കും സംഗീതത്തിന്റെ അഗ്‌നി പടർത്തി. ഡ്രമ്മുകളുടെ ഉപരിതലത്തിൽ വെള്ളം നിറച്ചശേഷം കൊട്ടുമ്പോൾ ചിതറിത്തെറിക്കുന്ന ജലകണങ്ങളിലേക്കു വെളിച്ചം വിന്യസിപ്പിച്ചു വേദികളെ നിറങ്ങൾ കൊണ്ടു നിറക്കാൻ ജിനോയ്ക്ക് കഴിഞ്ഞു.

ലോകം കൊവിഡിന്റെ പിടിയിലമർന്ന നാളുകളിൽ വരുമാനമില്ലാതെയായ കലാകാരന്മാരെ സഹായിക്കാൻ മുന്നിട്ടിറങ്ങാൻ ജിനോയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു. കൊവിഡ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാർക്കും സന്നദ്ധസേവകർക്കും വേണ്ടി സ്വന്തം വീട്ടിൽ ഭക്ഷണം തയ്യാറാക്കി തെരുവുകളിൽ വിതരണം ചെയ്തും പാചകവിദഗ്ധൻ കൂടിയായ ജിനോ മാതൃകയായി.

Vijayasree Vijayasree :