14 വയസിന്റെ വ്യത്യാസം, വളരെ ബോർ; അച്ഛനെയും മകളെയും പോലെയാണ് തോന്നുന്നത്; ജൂനിയർ എൻ.ടി.ആർ -ജാൻവി കപൂർ ഗാനത്തിന് വിമർശനം

ജൂനിയർ എൻ.ടി.ആർ -ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ദേവര -പാർട്ട് 1. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തെത്തിയത്. അനിരുദ്ധിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 
എന്നാൽ പാട്ടിന് രൂക്ഷ വിമർശനവും വരുന്നുണ്ട്. ജൂനിയർ എൻ.ടി.ആറും ജാൻവിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്. ഇരുവരുടേയും പ്രായമാണ് ഇവിടുത്തെ പ്രശ്നം. നായകനും നായികയും തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ടെന്നും കാണുന്നത് തന്നെ അരോചകമാണെന്നുമാണ് ചിലർ പറയുന്നത്. 


41-കാരനായ ജൂനിയർ എൻ.ടി.ആറും 27-കാരിയായ ജാൻവിയും തമ്മിൽ യാതൊരു കെമിസ്ട്രിയുമില്ല. അച്ഛനെയും മകളെയും പോലെയാണ് തോന്നുന്നത്. നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ, ജൂനിയർ എൻ.ടി.ആറിനൊപ്പം നിൽക്കുമ്പോൾ ജാൻവി ടീനേജുകാരിയായാണ് തോന്നുന്നത്. വളരെ ബോറായാണ് ജൂനിയർ എൻ.ടി.ആറിനെ കാണാനാവുക എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 


കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.


ബിഗ്‌ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്

Vijayasree Vijayasree :